പാഴ്സൽ സർവ്വീസ് വഴി  ദുബായിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

By Web TeamFirst Published Nov 24, 2020, 4:25 PM IST
Highlights

കൊച്ചിയിലെ സ്വകാര്യ കൊറിയർ സർവ്വീസ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് നാല് കിലോയോളം കഞ്ചാവ് കണ്ടെത്തിയത്

കൊച്ചി: കറിപ്പൊടി പായ്ക്കറ്റുകളുടെ മറവിൽ ദുബായിലേക്ക് കടത്താൻ ശ്രമിച്ച നാല് കിലോയോളം കഞ്ചാവ്  പിടികൂടി. കൊറിയർ സർവീസുകാർ വിവരമറിയിച്ചതിനെ തുടർന്ന് എക്സൈസ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

ദുബായിലേക്ക് അയക്കാൻ കണ്ണൂരിലെ ഏജൻസി വഴി കൊച്ചിയിലെത്തിയ പാഴ്സലുകളിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പാഴ്സലിനു പുറത്തെഴുതിയ വിലാസങ്ങളിൽ സംശയം തോന്നിയ കൊറിയർ സർവ്വീസുകാർ എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. മല്ലിപ്പൊടി, അരിപ്പൊടി തുടങ്ങിയ കറിപ്പൊടി പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. നാല് കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ലോക്ഡൗണിൽ കൊറിയർ സർവ്വീസസ് വഴിയുള്ള ലഹരിവസ്തകുക്കളുടെ വിൽപ്പന കൂടിയതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പാഴ്സലിന് പുറത്തെഴുതിയ ദുബായിലെ വിലാസം വ്യാജമാകാനാണ് സാധ്യതയെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. പാഴ്സൽ വന്ന കണ്ണൂരിലെ സ്ഥാപനം കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. നേരത്തെ സിംഗപ്പൂരിലേക്ക് കടത്താൻ ശ്രമിച്ച എംഡിഎംഎയും ഇതേ കൊറിയർ സർവ്വീസിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

click me!