കഞ്ഞിക്കുഴിയിൽ കുടുംബം വിഷം കഴിച്ച സംഭവം: മരിച്ച ബിജു പലരോടും കടം വാങ്ങി, ബ്ലേഡ് മാഫിയയെ കുറിച്ച് അന്വേഷണം

Published : Apr 07, 2023, 07:23 PM ISTUpdated : Apr 07, 2023, 10:50 PM IST
കഞ്ഞിക്കുഴിയിൽ കുടുംബം വിഷം കഴിച്ച സംഭവം: മരിച്ച ബിജു പലരോടും കടം വാങ്ങി, ബ്ലേഡ് മാഫിയയെ കുറിച്ച് അന്വേഷണം

Synopsis

സ്ഥലത്തിന്റെ പട്ടയം വെച്ച് വായ്പയെടുക്കാൻ ശ്രമിച്ചെങ്കിലും അമ്മ ഒപ്പിട്ടു കൊടുത്തില്ല

ഇടുക്കി: കഞ്ഞിക്കുഴിയിൽ അഞ്ചംഗ കുടുംബം വിഷം കഴിച്ചതിന് പിന്നിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നു. വിഷം കഴിച്ച പുന്നയാർ കാരാടിയിൽ ബിജുവും ഭാര്യ ടിൻറുവും മരിച്ചിരുന്നു. മരിച്ച ബിജു പലരിൽ നിന്നായി പണം കടം വാങ്ങിയിരുന്നു. ഇതിൽ ബ്ലേഡ് മാഫിയയിൽ ഉൾപ്പെട്ടവരുടെ ഭീഷണിയെ തുടർന്നാണ് കുടുംബത്തോടെ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. 

ടിൻറുവിനോട് അസഭ്യം പറയുകയും ഭീണഷിപ്പെടുത്തുകയും ചെയ്യുന്ന ശബ്ദ സന്ദേശവും പോലീസിന് ലഭിച്ചിരുന്നു. ഇതനുസരിച്ച് ജോൺസൺ എന്നയാളെ കഞ്ഞിക്കുഴി സിഐ സാം ജോസിൻറെ നേതൃത്വത്തിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. സുഹൃദ് ബന്ധത്തിൻറെ പേരിൽ 22500 രൂപ താൻ കടമായി നൽകിയിരുന്നെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. തുടർന്ന് ജോൺസൻറെ കടയിലും വീട്ടിലും പോലീസ് പരിശോധന നടത്തി. പണം കൊടുത്തപ്പോൾ തയ്യാറാക്കിയ എഗ്രിമെൻറ് കണ്ടെത്തി. എന്നാലിതിൽ പലിശ സംബന്ധിച്ച നിബന്ധനകളൊന്നുമുണ്ടായിരുന്നില്ല. 

പതിനായിരം രൂപ ബിജു തിരികെ നൽകിയതായും ബാക്കി തുക എഴുതിയ ചെക്ക് കൈമാറിയതായും ഇയാൾ പോലീസിനോട് പറഞ്ഞു. പണം തരാമെന്ന് പറഞ്ഞ് വൈകുന്നേരം വരെ മകനെ കടയിൽ നിർത്തിയതിനാലാണ് അസഭ്യം പറഞ്ഞതെന്നും ജോൺസൻ മൊഴി നൽകി. ബിജുവിൻറെ വീട്ടിൽ നിന്നും കണ്ടെത്തിയ ആത്യഹത്യാക്കുറിപ്പിൽ ജോൺസൺ അടക്കം മൂന്ന് പേരുടെ പേരുകളുണ്ടായിരുന്നു. മറ്റു രണ്ടു പേർ ടിൻറുവിനോടൊപ്പം കുടുംബ ശ്രീയിൽ ഉള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വലിയ തുകകളൊന്നും കടം വാങ്ങിയതായി പോലീസിന് തെളിവ് ലഭിച്ചിട്ടില്ല. 

അമ്മയുടെ പേരിലുളള 73 സെൻറ് സ്ഥലത്തിൻറെ പട്ടയം വച്ച് കെഎസ്എഫ്ഇയിൽ നിന്നും വായ്പയെടുക്കാൻ ബിജു ശ്രമിച്ചിരുന്നു. എന്നാൽ അമ്മ ഒപ്പിട്ടു നൽകാത്തതിനാൽ ഇത് നടന്നില്ല. ഇവരുടെ പക്കൽ സ്വർണമൊന്നുമില്ലായിരുന്നു. ഇതിനിടെ കടം വാങ്ങിയ പണം ചോദിച്ച് പലരും അച്ഛനെ ഫോൺ വിളിക്കാറുണ്ടെന്ന് മകൾ സുഹൃത്തിനോട് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് വ്യക്തത വരുത്താൻ കുട്ടിയിൽ നിന്നും പോലീസ് വിവരങ്ങൾ തേടും. ബ്ലേഡ് മാഫിയയുടെ ഇടപെടൽ ഉണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് കഞ്ഞിക്കുഴി സിഐ സാം ജോസഫ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ