
കാസർകോട്: കോട്ടപ്പുറത്തു മരിച്ച നിലയിൽ കാണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ 3 പ്രതികളെ അറസ്റ്റ് ചെയ്തു. ഈ മാസം നാലിന് രാത്രി കോട്ടപ്പുറം ഗ്രീൻ സ്റ്റാർ ക്ലബിന് സമീപമുള്ള വാടക വീട്ടിൽ തമിഴ്‌നാട് സ്വദേശി രമേശൻ മരിച്ച സംഭവത്തിലാണ് ട്വിസ്റ്റ്. രമേശൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നായിരുന്നു പ്രതികൾ ആദ്യം പറഞ്ഞത്.
മധുര സ്വദേശിയായിരുന്നു 42 കാരനായ രമേശൻ. കോട്ടപ്പുറം -കടിഞ്ഞിമൂല പാലത്തിന്റെ പൈലിങ് ജോലി ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന വാടക കെട്ടിടത്തിൽ ആണ് രമേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കെട്ടിടത്തിൽ മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളും അടക്കം 11 പേരാണ് താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി ഏകദേശം 10 മണിയോടെയാണ് കൊലപാതകം നടന്നത്. പിന്നീട് പ്രതികൾ തന്നെ നാട്ടുകാരെ വിളിച്ച് തങ്ങളുടെ കൂടെയുള്ള ഒരാൾ ഹൃദയഘാതത്തെ തുടർന്ന് മരിച്ചു കിടക്കുന്നതായി അറിയിച്ചത്.
നാട്ടുകാർ വിവരം നീലേശ്വരം പോലീസിൽ അറിയിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി. പിന്നീട് പോലീസ് ഈ വീട്ടിൽ താമസിച്ചിരുന്ന 11 പേരെയും വിശദമായി ചോദ്യം ചെയ്തു. ഇതോടെ കേസിന്റെ ചുരുൾ അഴിഞ്ഞു. പ്രതികൾ ആവശ്യപ്പെട്ട വേതനം നൽകാത്തതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട രമേശനുമായുണ്ടായ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസിൽ വാത്തുരുത്തി സ്വദേശി 54 കാരനായ കെപി ബൈജുവാണ് ഒന്നാം പ്രതി. ഇയാൾ എറണാകുളം സെൻട്രൽ പൊലീസ്, വൈപ്പിൻ, ഐലന്റ് ഹാർബർ പൊലീസ്, തോപ്പുംപടി പൊലീസ് എന്നിവിടങ്ങളിലായി 14 കേസുകളിൽ പ്രതിയാണ്.
കേസിൽ രണ്ടാം പ്രതി മുഹമ്മദ് ഫൈസൽ കളമശേരി സ്വദേശിയാണ്. 43 വയസുണ്ട്. നോർത്ത് പറവൂർ പെരുമ്പള്ളി പറമ്പിൽ വീട്ടിൽ ഡാനിയേൽ ബെന്നിയാണ് കേസിൽ മൂന്നാം പ്രതി. നീലേശ്വരം സിഐ പ്രേം സദൻ, എസ്ഐ ശ്രീജേഷ്, എസ് സി പി ഒമാരായ ഗിരീഷ്, മഹേഷ്, സിപിഒമാരായ പ്രബീഷ്, ഷാജിൽ, ഷിജു, ഡാൻസഫ് സ്‌ക്വാഡ് അംഗങ്ങളായ രാജേഷ് മാണിയാട്ട്, ഹരീഷ് എന്നിവരുൾപ്പെട്ട സംഘമാണ് 24 മണിക്കൂറിനുള്ളിൽ കേസിന് തുമ്പുണ്ടാക്കി പ്രതികളെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam