കാസർകോട് ഹൊസങ്കടി ജ്വല്ലറി കവ‍ർച്ച; സംഘത്തിലുണ്ടായിരുന്ന മലയാളി പിടിയില്‍

By Web TeamFirst Published Aug 1, 2021, 8:28 PM IST
Highlights

മോഷണ സംഘത്തിലെ ഏക മലയാളിയാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി 12 കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.  ഇനി ആറ് കർണാടക സ്വദേശികളെക്കൂടി പിടികൂടാനുണ്ട്.

കാസർകോട്: കാസര്‍കോട് ഹൊസങ്കടിയിലെ ജ്വല്ലറിയില്‍ നിന്ന് 14 കിലോ വെള്ളി ആഭരണങ്ങളും നാല് ലക്ഷം രൂപയും മോഷ്ടിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍.  തൃശൂർ സ്വദേശി സത്യേഷാണ് പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ മോഷണം നടന്നത്. 14 കിലോ വെള്ളി ആഭരണങ്ങളും നാല് ലക്ഷം രൂപയും 26 വാച്ചുകളും നഷ്ടപ്പെട്ടുവെന്നാണ് ഉടമയുടെ പരാതി. തൃശൂർ കൊടുങ്ങല്ലൂർ കോതപറമ്പ സ്വദേശി കിരൺ എന്ന കെ.പി. സത്യേഷിനെ കാസർകോട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. മോഷണ സംഘത്തിലെ ഏക മലയാളിയാണ് ഇയാൾ. സത്യേഷിനെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി 12 കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.  ഇനി ആറ് കർണാടക സ്വദേശികളെക്കൂടി പിടികൂടാനുണ്ട്.

ബണ്ട്വാൾ സ്വദേശിയാണ് മോഷണത്തിന്റെ സൂത്രധാരനെന്നാണ് നിഗമനം. മോഷണ  സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ കര്‍ണാടക ഉള്ളാള്‍ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കാറില്‍ നിന്ന് ഏഴ് കിലോ വെള്ളിയും രണ്ട് ലക്ഷത്തോളം രൂപയും വാച്ചുകളും കണ്ടെടുത്തിരുന്നു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ഗ്യാസ് കട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും ആയുധങ്ങളും പിടികൂടുകയും ചെയ്തു. വാടകയ്ക്ക് എടുത്ത കാറിലാണ് സംഘം മോഷണത്തിന് എത്തിയത്. സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച് കെട്ടിയിട്ട ശേഷം ഷട്ടറുകള്‍ തകര്‍ത്തായിരുന്നു ജ്വല്ലറിയിലെ മോഷണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!