
ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതക കേസില്‍ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ മൊഴി മാറ്റി പറഞ്ഞ് പ്രതി നിതീഷ്. വാടക വീട്ടില്‍ നിന്നും വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതിന് പിന്നാലെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി വിജയന്റെ പഴയ വീട്ടില്‍ പരിശോധന ആരംഭിച്ചിരുന്നു. പ്രതികളുടെ ആദ്യ മൊഴി അനുസരിച്ച് കന്നുകാലി തൊഴുത്തിന്റെ തറ മാറ്റി പരിശോധന നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല. രണ്ടു തവണ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങള്‍ കണ്ടെത്താനാകാതെ വന്നതോടെ നിതീഷ് മൊഴി മാറ്റി പറയാന്‍ ആരംഭിച്ചതായി അന്വേഷണ സംഘം പറയുന്നു.
കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ ജഡം പിന്നീട് പുറത്തെടുത്ത് കത്തിച്ച ശേഷം പുഴയില്‍ ഒഴുക്കിയെന്ന് നിധീഷ് ഇപ്പോള്‍ പറയുന്നത്. തൊഴുത്തില്‍ കുഴിച്ചിട്ട മൃതദേഹം സ്ഥലം വിറ്റതിനു ശേഷം പുറത്തെടുത്ത് കത്തിച്ചുവെന്നും അവശിഷ്ടം കൊല്ലപ്പെട്ട വിജയന്‍ അയ്യപ്പന്‍കോവില്‍ പുഴയില്‍ ഒഴുക്കിയെന്നുമാണ് നിതീഷിന്റെ പുതിയ മൊഴി. ഇത് സ്ഥിരീകരിക്കാന്‍ നിതീഷിന്റെ കൂട്ടാളി വിഷ്ണുവിനെയും, അമ്മ സുമയേയും, സഹോദരിയെയും ഒരുമിച്ചിരുത്തിയും, അല്ലാതെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വര്‍ഷങ്ങളോളം മുറിക്കുള്ളില്‍ അടച്ചിട്ട് കഴിഞ്ഞതിനാല്‍ സുമയുടെയും, മകളുടെയും മാനസികാവസ്ഥ പൂര്‍വ്വസ്ഥയില്‍ ആയിട്ടില്ല. കൗണ്‍സിലിംഗ് ഉള്‍പ്പെടെ നടത്തിയ ശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക. ഇന്ന് കസ്റ്റഡി കാലാവധി തീരാന്‍ ഇരിക്കെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി തെളിവുകള്‍ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam