'ഡാനിയേൽ, ബാബാ'; മയക്കുമരുന്ന് ലോകത്ത് പല പേരുകള്‍, എംഡിഎംഎ കടത്തിലെ പ്രധാനി, ആഫ്രിക്കൻ സ്വദേശി അബു പിടിയിൽ

Published : Jun 24, 2023, 10:25 AM ISTUpdated : Jun 24, 2023, 02:39 PM IST
'ഡാനിയേൽ, ബാബാ'; മയക്കുമരുന്ന് ലോകത്ത് പല പേരുകള്‍, എംഡിഎംഎ കടത്തിലെ പ്രധാനി, ആഫ്രിക്കൻ സ്വദേശി അബു പിടിയിൽ

Synopsis

ബംഗളൂരു ശ്രീരാംപുരയില്‍ നിന്ന്  മാനന്തവാടി ഡി.വൈ.എസ്.പി പി.എല്‍ ഷൈജു, തിരുനെല്ലി എസ്.ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അബുവിനെ അറസ്റ്റുചെയ്തത്. 

കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എം.ഡി.എം.എ കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന വിദേശി വയനാട് പോലീസിന്റെ പിടിയിലായി. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റ് പൗരന്‍ ഡാനിയേല്‍, ബാബാ എന്നീ പേരുകളില്‍ അറിയപ്പെടുന്ന അബു (50) ആണ് ബംഗളുരുവില്‍ പിടിയിലായത്. ബംഗളൂരു ശ്രീരാംപുരയില്‍ നിന്ന്  മാനന്തവാടി ഡി.വൈ.എസ്.പി പി.എല്‍ ഷൈജു, തിരുനെല്ലി എസ്.ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അബുവിനെ അറസ്റ്റുചെയ്തത്. 

2022 നവംബര്‍ അഞ്ചിന് തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്‍പ്പെട്ട കാട്ടിക്കുളത്ത് 106 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയിലായിരുന്നു. ഈ കേസില്‍ നടത്തിയ അന്വേഷണമാണ് അബുവിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് ജില്ല പൊലീസ് മേധാവി പദം സിംഗ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി മലപ്പുറം പറമ്പന്‍പീടിക കുറ്റിപ്പാലം ചീരംകുളങ്ങര മുഹമ്മദ് ഉനൈസ്(31), മലപ്പുറം വെണ്ണിയൂര്‍ നെച്ചിക്കല്‍ വീട്ടില്‍ ഹഫ്സീര്‍(25), വെണ്ണിയൂര്‍ നല്ലൂര്‍ വീട്ടില്‍ മുഹമ്മദ് ഫാരിസ്(27)എന്നിവരാണ് കാട്ടിക്കുളത്ത് പിടിയിലായിരുന്നത്. 

ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം പൂക്കിപ്പറമ്പ് സ്വദേശിയായ ചത്തേരി ജൂനൈസ് എന്ന യാസിറിനെ(24) ബംഗളൂരുവില്‍ നിന്നു മാനന്തവാടി ഡിവൈ.എസ്.പിയും സംഘവും പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് എം.ഡി.എം.എ എത്തിച്ചു നല്‍കിയിരുന്നത് ഒറ്റപ്പാലം സ്വദേശിയായ എം. അനീസ് എന്നയാളാണെന്ന് പൊലീസിന് വിവരം ലഭിച്ചു. അനീസിന് ഇപ്പോള്‍ പിടിയിലായിട്ടുള്ള ആഫ്രിക്കന്‍ സ്വദേശി അബുവാണ് എം.ഡി.എം.എ എത്തിക്കുന്നതെന്ന് മനസിലാക്കിയ പൊലീസ് അനീസിനെയും അബുവിനെയും പിടികൂടാനാണ് ബംഗളുരുവില്‍ എത്തിയത്. 

അനീസിന്റെ താമസ സ്ഥലം മനസിലാക്കി ഇവിടെ എത്തിയ പൊലീസിന് ഇയാളുടെ റൂമേറ്റായ അയ്യൂബാണ് അനീസ് അബുവിന്റെ അടുത്തേക്ക് മയക്കുമരുന്ന് വാങ്ങാന്‍ പോയെന്ന വിവരം കൈമാറിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീരാംപുര എന്ന സ്ഥലത്ത് പൊലീസ് എത്തുകയായിരുന്നു. എന്നാല്‍ ഇവിടെ വെച്ച് അബുവിനെ പിടികൂടുന്നതിനിടെ അനീസ് രക്ഷപ്പെടുകായിരുന്നവെന്ന്  ജില്ല പൊലീസ് മേധാവി പറഞ്ഞു. തിരുനെല്ലി പൊലീസ് സ്റ്റേഷനിലെ പോലീസുകാരായ അനൂപ്, പ്രജീഷ്, ജോബി, ഡ്രൈവര്‍ രതീഷ് എന്നിവരും ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Read More : ട്യൂഷന് വന്ന പെൺകുട്ടിക്ക് പീഡനം: മലപ്പുറത്ത് ഹയർ സെക്കന്‍ററി അധ്യാപകന് 4 വർഷം കഠിനതടവ്, പിഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'