
കൊച്ചി: ടാറ്റൂ (Tattoo) ചെയ്യുന്നതിനിടെ ലൈംഗികമായി ചൂഷണം ചെയ്തതായി നാല് യുവതികൾ നൽകിയ പരാതികളിൽ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പൊലീസ് കേസ് (Police Case) എടുക്കും. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് (Kochi City Police Commissioner) ആണ് യുവതികൾ പരാതി നൽകിയത്. ചേരാനെല്ലൂർ, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുക്കുന്നത്. ഇടപ്പള്ളിയിലെ ഇൻക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് സുജീഷിനെതിരെ ആണ് പരാതി.
ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്. യുവതിയുടെ ആരോപണത്തിന് പിന്നാലെ മറ്റുള്ളവരും പരാതിയുമായി രംഗത്ത് വന്നു.
തന്റെ പുരുഷ സുഹൃത്തിനൊപ്പമാണ് യുവതി ടാറ്റൂ ചെയ്യാനായി സ്റ്റുഡിയോയിൽ പോയത്. പുറകിൽ താഴെയായിയാണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. ഇത് വിശദമാക്കിയതോടെ സുജീഷ് തന്നെ ഒരു അടച്ചുറപ്പുള്ള മുറിയിലേക്ക് കൊണ്ടുപോയി. തന്റെ ടാറ്റൂ വളരെ സമയം എടുത്ത് ചെയ്യേണ്ടതായിരുന്നു, അതിനാൽ തന്നെ അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ താൻ ഒരു ഇടവേള ആവശ്യപ്പെട്ടുവെന്നും യുവതി ഇൻസ്റ്റഗ്രാമിലെ പോസ്റ്റിലൂടെ പറയുന്നു.
ഈ സമയം സുജീഷ് ഭാര്യയെ കൊണ്ടുവിടാൻ പോയി. തിരിച്ച് വന്ന് വീണ്ടും ടാറ്റൂ ചെയ്യാൻ ആരംഭിച്ചു. തന്റെ ജീൻസ് അയാൾക്ക് ടാറ്റൂ ചെയ്യാൻ തടസ്സമായി അനുഭവപ്പെട്ടതോടെ ജീൻസ് അൽപ്പം കൂടി താഴേക്ക് ഇറക്കി. ഇതോടെ ഇയാൾ തന്നോട് അപമര്യാദയായ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. തനിക്ക് ഒട്ടും സുഖകരമായി തോന്നിയില്ല.
ടാറ്റൂ ചെയ്യുന്നത് തുടരുമ്പോൾ തന്നെ അയാൾ തന്റെ ശരീരത്തിൽ തെറ്റായ തരത്തിൽ സ്പർശിക്കാൻ തുടങ്ങി. ഇത് ഒട്ടും അനുയോജ്യമായി തോന്നിയില്ല. സംഭവിക്കുന്നത് എന്തെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഉടനെ അയാളെന്നെ ലൈംഗികമായി പീഡിപ്പിച്ചു. ഇനിയും വരണമെന്നും തനിക്ക് മാത്രമായി ഡിസ്കൌണ്ട് നൽകാമെന്നും അയാൾ പറഞ്ഞു. തനിക്ക് വെറുപ്പ് തോന്നിയെന്നും അവിടെ നിന്ന് പെട്ടന്ന് പോയെന്നും യുവതി കുറിച്ചു.
പിന്നീട് നിരവധി പേരോട് അയാൾ ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെന്ന് അറിഞ്ഞു. അത് വളരെയേറെ വേദനിപ്പിക്കുന്നതായിരുന്നു. അയാൾ അർഹിക്കുന്ന ശിക്ഷ അയാൾക്ക് ലഭിക്കുമെന്ന് കരുതുന്നതായും യുവതി പറഞ്ഞു. ഇതുവരെ ഒപ്പം നിന്നവരോട് നന്ദി അറിയിക്കുന്നതായും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ യുവതി വ്യക്തമാക്കിയിരുന്നു.