Latest Videos

ബൈക്കില്‍ ലിഫ്റ്റ് കൊടുത്തു, പിന്നാലെ തോട്ടില്‍ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തി, അനുവിന്‍റേത് ക്രൂരകൊലപാതകം

By Web TeamFirst Published Mar 17, 2024, 6:20 AM IST
Highlights

ഇന്നലെ രാത്രി മലപ്പുറത്തെ വീട്ടിൽ വെച്ചാണ് ഇയാൾ പിടിയിലായത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. മലപ്പുറം കൊണ്ടോടി സ്വദേശി മുജീബ് റഹ്മാനാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായത്. നേരത്തെ ബലാത്സംഗ കേസിൽ പ്രതിയാണ് ഇയാൾ. മോഷ്ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ അനുവിന് ലിഫ്റ്റ് കൊടുത്തു. തുടര്‍ന്ന് വഴിയില്‍ വെച്ച് തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. 55ലധികം കേസുകളില്‍ പ്രതിയായ ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് വ്യക്തമാക്കി. കൊല നടത്തിയശേഷം മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടോട്ടിയിലെത്തി ഒരാള്‍ക്ക് കൈമാറുകയായിരുന്നു.

ഇത് പ്രതിയുടെ സ്ഥിരം കവർച്ചാരീതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മലപ്പുറത്തെ വീട്ടിൽ വെച്ചാണ് ഇയാൾ പിടിയിലായത്. അതിസാഹസികമായാണ് പൊലീസ് പ്രതിയെ കീഴടക്കിയത്. ഇന്നലെ രാത്രി പേരാമ്പ്ര പൊലീസ് കൊണ്ടോട്ടിയിലെ പ്രതിയുടെ വീട്ടിലെത്തുകയായിരുന്നു. ജനൽ ഗ്ലാസ് പൊട്ടിച്ചെടുത്തു പ്രതി പൊലീസിനെ ആക്രമിച്ചു. ഗ്ലാസ്‌ കൊണ്ടുള്ള കുത്തേറ്റു എസ് ഐ യുടെ കൈക്ക് പരിക്കേറ്റു. പേരാമ്പ്ര സ്റ്റേഷനിലെ എസ് ഐ സുനിലിനാണു പരിക്കേറ്റത്. പരിക്കേറ്റങ്കിലും പൊലീസ് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.

സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അനുവിന്‍റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ നേരത്തെ പൊലീസ് എത്തിച്ചേര്‍ന്നിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളെ കണ്ടെത്തിയത്.

ഇന്ന് മുജീബിനെ തെളിവെടുപ്പിനായി കൊല നടന്ന സ്ഥലത്തെത്തിച്ചപ്പോള്‍ നാട്ടുകാരില്‍ നിന്നും രോഷ പ്രകടനമുണ്ടായി. തെളിവെടുപ്പിനിടെ, പ്രതിയുടെ സിസി ടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പ്രതി ഉപയോഗിച്ച ബൈക്കില്‍ നിന്ന് വലിയ ബാഗും കയ്യുറകളും ലഭിച്ചു. കയ്യുറ ധരിച്ചാണ് പ്രതി കൊല നടത്തിയതെന്നാണ് സൂചന. കൃത്യം നടത്തുമ്പോള്‍ പ്രതി ഹെല്‍മറ്റ് ധരിച്ചിരുന്നതായും വിവരമുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ തേടുകയാണ് പൊലീസ്.


തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിന്‍റെ വിവരങ്ങളൊന്നും പിന്നീട് ലഭിക്കാതാകുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള നൊച്ചാട് തോട്ടില്‍ അനുവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുട്ടൊപ്പം വെള്ളം മാത്രമുള്ള തോട്ടില്‍ മുങ്ങിമരിക്കില്ലെന്നത് ഉറപ്പായതോടെയാണ് കൊലപാതകമാകാമെന്ന സംശയം ശക്തമായത്. അനുവിന്‍റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. വസ്ത്രത്തിന്‍റെ ചില ഭാഗങ്ങളും മൃതദേഹത്തിലുണ്ടായിരുന്നില്ല. ഇതെല്ലാം സംശയം ജനിപ്പിക്കുന്നതായിരുന്നു.

അനുവിന്‍റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ; മോഷ്ടിച്ച ബൈക്കും കോട്ടും കണ്ടെത്തി, പ്രതിക്കെതിരെ 55 കേസുകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

click me!