
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിലെ നിര്‍മാണത്തിലിരിക്കുന്ന ഹോട്ടലില്‍ നിന്ന് ഒരു ലക്ഷം രൂപ വില മതിക്കുന്ന എ.സിയുടെ കോപ്പര്‍ വയറുകളും കേബിളുകളും മോഷ്ടിച്ച പ്രതി ഒടുവില്‍ പൊലീസിന്റെ പിടിയില്‍. താമരശ്ശേരി കക്കാട് പുതുപ്പറമ്പില്‍ പി.എസ് ഷഹാനാദിനെ (26) ആണ് ഇന്ന് പുലര്‍ച്ചെ തിരുവമ്പാടിയില്‍ വെച്ച് താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ മാര്‍ച്ച് നാലിനു രാത്രിയാണ് ഹോട്ടല്‍ കെട്ടിടത്തില്‍ മോഷണം നടന്നത്. സി.സി ടി.വിയില്‍ പതിഞ്ഞ അവ്യക്ത ചിത്രങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് താമരശ്ശേരിയിലെയും കുന്നമംഗലം, കോഴിക്കോട് ഭാഗങ്ങളിലെയും നിരവധി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന കിട്ടുന്നത്. ഷഹനാദ് ഇതിന് മുന്‍പും കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിരവധി മോഷണ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഈങ്ങാപ്പുഴയിലെ മോഷണത്തിന് ശേഷം കര്‍ണ്ണാടകയില്‍ മംഗലാപുരത്തിനടുത്തു ഒളിവില്‍ കഴിയുകയായിരുന്നു. കോഴിക്കോട് എത്തിയ ഉടനെ പൊലീസ് പിടികൂടുകയായിരുന്നു. കേസില്‍ പുതുപ്പാടി സ്വദേശിയായ ഒരാള്‍ കൂടി ഇനി പിടിയിലാവാനുണ്ട്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഷഹനാദിനെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ കെ.ഒ പ്രദീപ്, എസ്.ഐമാരായ സജേഷ് സി. ജോസ്, രാജീവ് ബാബു, പി. ബിജു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam