കെഎസ്എഫ്ഇ ശാഖയുടെ ലോക്കര്‍ തകര്‍ത്ത് മോഷണശ്രമം; കയ്യോടെ പിടികൂടി പൊലീസ്

By Web TeamFirst Published Aug 10, 2020, 11:29 PM IST
Highlights

ഷട്ടറും ഗ്രിലും തകര്‍ത്ത് അകത്തുകയറിയ പ്രതി പിന്നീട് ലോക്കർ തകർക്കാൻ ഡ്രില്ല് ചെയ്തു. ഈ ശബ്‍ദം കേട്ട് തൊട്ടടുത്ത കെട്ടിടത്തിലെ താമസക്കാരായ യുവാവാണ് വിവരം പൊലീസിൽ അറിയിക്കുന്നത്. 

ആലപ്പുഴ: മാവേലിക്കര കണ്ടിയൂർ കെഎസ്എഫ്ഇ ശാഖയിൽ ലോക്കർ തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച പ്രതിയെ പൊലീസ് കയ്യോടെ പിടികൂടി. ചെട്ടികുളങ്ങര സ്വദേശി ഓമനക്കുട്ടനെയാണ് അറസ്റ്റ് ചെയ്തത്. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. കണ്ടിയൂര്‍ ക്ഷേത്രത്തിന് തെക്കു ഭാഗത്തുള്ള കെഎസ്എഫ്ഇ ശാഖയിലെ ലോക്കര്‍ ഓമനക്കുട്ടന്‍ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഷട്ടറും ഗ്രിലും തകര്‍ത്ത് അകത്തുകയറിയ പ്രതി പിന്നീട് ലോക്കർ തകർക്കാൻ ഡ്രില്ല് ചെയ്തു. ഈ ശബ്‍ദം കേട്ട് തൊട്ടടുത്ത കെട്ടിടത്തിലെ താമസക്കാരായ യുവാവാണ് വിവരം പൊലീസിൽ അറിയിക്കുന്നത്. രാത്രി പരിശോധനയ്ക്ക് ഇറങ്ങിയ മാവേലിക്കര പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി ഓമനക്കുട്ടനെ കയ്യോടെ പിടികൂടകയായിരുന്നു. വെൽഡിംഡ് ജോലികൾ അറിയാവുന്ന ഇയാൾ വ്യക്തമായ ആസൂത്രണത്തോടെയാണ് കവർച്ചയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

കമ്പി പാരയും വെൽഡിംഗ് ഉപകരണങ്ങളും പൊലീസിന് പിടിച്ചെടുത്തു. മകളുടെ കല്യാണ ആവശ്യത്തിന് പണം കണ്ടെത്താനാണ് കെഎസ്എഫ്ഇ ശാഖയിൽ കവർച്ചയ്ക്ക് ശ്രമിച്ചതെന്നാണ് ഇയാൾ മൊഴി നൽകിയത്. റിമാൻഡ് ചെയ്ത പ്രതിയെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധന ഫലം വന്ന ശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായി തെളിവെടുക്കും. 

click me!