അമ്മായിയമ്മയെ ക്രൂരമായി മ‍ർദ്ദിച്ച മരുമകൾ അറസ്റ്റിൽ; നടപടി, മർദ്ദന ദൃശ്യം മുഖ്യമന്ത്രി കണ്ടതോടെ

By Web TeamFirst Published Jun 8, 2019, 11:03 PM IST
Highlights

അയല്‍വാസിയായ വിദ്യാർത്ഥിനി മൊബൈല്‍ ഫോണില്‍ പകർത്തിയ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്

ഛണ്ഡിഖഢ്: ഹരിയാനയില്‍ വൃദ്ധയെ ക്രൂരമായി മർദ്ദിച്ച മരുമകള്‍ അറസ്റ്റില്‍. ട്വിറ്ററില്‍ പ്രചരിച്ച മർദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടറിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവതിക്കെതിരെ നടപടിയുണ്ടായത്.

80 വയസ്സുള്ള ചാന്ദ് ഭായിയാണ് മരുമകള്‍ കാന്താ ദേവിയുടെ ക്രൂരമർദ്ദനത്തിരയായത്. അയല്‍വാസിയായ വിദ്യാർത്ഥിനി മൊബൈല്‍ ഫോണില്‍ പകർത്തിയ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വൈറലായ വീഡിയോ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ പൊലീസ് മരുമകള്‍ക്കെതിരെ കേസെടുത്തു. വൃദ്ധയെ ആശുപത്രിയിലെത്തിച്ചു.

സംഭവം പുറത്തറിഞ്ഞതോടെ കാന്താദേവി വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അധികം വൈകാതെ അറസ്റ്റിലായി. അമ്മൂമ്മയെ അമ്മ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ മകൻ പൊലീസിനോട് വെളിപ്പെടുത്തി.

അതിർത്തി രക്ഷാ സേനയില്‍ അംഗമായിരുന്ന ചാന്ദ് ഭായിയുടെ ഭർത്താവ് നേരത്തെ മരിച്ചു. മകന്‍റെയും മരുമകളുടെയും സംരക്ഷണയിലാണ് ഇവർ കഴിഞ്ഞിരുന്നത്. വിധവാ പെൻഷൻ മാത്രമായിരുന്നു ഒരേയൊരു വരുമാന മാർഗം. 

രോഗശയ്യയിലായി തുറന്ന സ്ഥലത്ത് കിടക്കുന്ന ചാന്ദ് ഭായിയെ, കാന്താ ദേവി പിടിച്ചു തള്ളുന്നതും മുടിയില്‍ പിടിച്ചു വലിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇത്തരം ചെയ്തികള്‍ പരിതാപകരമാണെന്നായിരുന്നു മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടറിന്‍റെ പ്രതികരണം.

വൃദ്ധയെ പരിചരിക്കുന്നത് ഒരു ബാധ്യതയായിട്ടാണ് യുവതി കണ്ടിരുന്നത്. ചാന്ദ്ഭായിക്ക് പെന്‍‍ഷനായി കിട്ടിയ 30,000 രൂപ കൈക്കലാക്കാൻ വേണ്ടിയാണ് വൃദ്ധയെ മർദ്ദിച്ചതെന്നും പൊലീസ് പറഞ്ഞു. ഐപിസി 323, 506 എന്നീ വകുപ്പുകളാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

click me!