Kuruva Gang : 'അത് കുറുവാ സംഘമല്ല, ലോക്കൽസാ!', ചേർത്തലയിൽ മൂവർ സംഘം പിടിയിൽ

Published : Jan 05, 2022, 10:01 AM ISTUpdated : Jan 05, 2022, 10:38 AM IST
Kuruva Gang : 'അത് കുറുവാ സംഘമല്ല, ലോക്കൽസാ!', ചേർത്തലയിൽ മൂവർ സംഘം പിടിയിൽ

Synopsis

കുറുവ സംഘമെന്ന പേരിൽ നവമാധ്യമങ്ങളിൽ വൈറലായ മോഷണ സംഘത്തെ മാരാരിക്കുളം പോലീസ് പിടികൂടി. എസ്എൻ പുരം സ്വദേശി ദീപു, കഞ്ഞിക്കുഴി സ്വദേശി അരുൺ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിൽ ഇവരുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നാട്ടുകാർ ഭീതിയിലായിരുന്നു. 

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ കുറുവാ സംഘമെന്ന പേരിൽ പരിഭ്രാന്തി പരത്തിയത് നാട്ടുകാർ തന്നെയെന്ന് തെളിഞ്ഞു. കുറുവ സംഘമെന്ന പേരിൽ നവമാധ്യമങ്ങളിൽ വൈറലായ മോഷണ സംഘത്തെ മാരാരിക്കുളം പോലീസ് പിടികൂടി. എസ്എൽ പുരം സ്വദേശി ദീപു, കഞ്ഞിക്കുഴി സ്വദേശി അരുൺ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മൂന്നാമന് 16 വയസ്സ് മാത്രമാണ് പ്രായം. സമൂഹമാധ്യമങ്ങളിൽ ഇവരുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നാട്ടുകാർ ഭീതിയിലായിരുന്നു.

തമിഴ്നാട്ടിലെ കുപ്രസിദ്ധ കവർച്ചാ സംഘമായ കുറുവാ സംഘം കേരളത്തിലിറങ്ങിയെന്ന പ്രചാരണം വ്യാപകമായിരുന്നു. ചേർത്തല തിരുവിഴ അടക്കമുള്ള ഭാഗങ്ങളിൽ നിന്ന് പകർത്തിയ സിസിടിവി ദൃശ്യങ്ങളിലാണ് കുറുവാ സംഘമെന്ന് തോന്നിക്കുന്ന തരത്തിലുള്ള ആളുകളെ കണ്ടത്. ആളുകളെ അപായപ്പെടുത്തി വലിയ കവർച്ചകൾ നടത്തുന്ന സംഘമാണ് ഇവരെന്ന പ്രചാരണമായിരുന്നു വ്യാപകമായി ഉണ്ടായിരുന്നത്. തിരുവിഴ ഭാഗത്തെ ഒരു വീട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് പേർ ഓടിപ്പോകുന്നതും കാണാമായിരുന്നു. 

പൊലീസ് ഈ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തിയത്. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് നാട്ടുകാർ തന്നെയാണ് ഈ മോഷണത്തിന് പിറകിലെന്ന് പൊലീസ് കണ്ടെത്തിയത്. ഇവർ സ്ഥിരം മോഷ്ടാക്കളാണെന്ന് പൊലീസ് പറയുന്നു. ആലപ്പുഴ സൗത്ത് സ്റ്റേഷനിലും അർത്തുങ്കൽ പൊലീസ് സ്റ്റേഷനിലും ഇവർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. 

സംസ്ഥാനത്ത് നിന്ന് പുറത്ത് എത്തിയ കുറുവാസംഘമെന്ന ഭീതി ഇതോടെ ഒഴിവാകുകയാണ്. ഇവരെ മോഷണം നടന്ന വീടുകളിലെത്തിച്ച് ഇന്നും നാളെയുമായി തെളിവെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 

കോട്ടയത്തടക്കം മറ്റ് പല തെക്കൻ ജില്ലകളിലും കുറുവാ സംഘമിറങ്ങിയെന്ന പ്രചാരണം സജീവമാണ്. അതിരമ്പുഴ പഞ്ചായത്തിലെ 6 വീടുകളിൽ കഴിഞ്ഞ 27-ാം തീയതി രാത്രി നടന്ന
മോഷണശ്രമത്തിന് പിന്നിൽ കുറുവാ സംഘമാണെന്നായിരുന്നു വ്യാപകപ്രചാരണം. മുഖം മറച്ച് മാരകായുധങ്ങളുമായി എത്തിയ മൂന്നംഗ സംഘം, സിസിടിവിയിൽ കുടുങ്ങിയതോടെയാണ്
കുറുവാസംഘമെന്ന പ്രചരണമുണ്ടായത്. റെയിൽവേ ട്രാക്കിന് സമീപത്തുള്ള  വീടുകളിൽ ആയിരുന്നു മോഷണശ്രമം. 

അഞ്ച് വർഷം മുമ്പ് കോട്ടയം അയർക്കുന്നത്ത് കുറുവ സംഘം മോഷണം നടത്തിയിരുന്നു. ഈ സംഘത്തിൽ പെട്ടവർ എല്ലാം ഇപ്പോൾ ജയിലിലാണ്. കോട്ടയത്ത് എത്തിയത് കുറുവാ സംഘമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ വ്യക്തമാക്കിയിരുന്നു. 

മോഷണശ്രമത്തിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും ഉണ്ടായതോടെ കോട്ടയത്തടക്കം ജനങ്ങൾ വലിയ ഭീതിയിലാണ്. സ്ക്വാഡുകൾ രൂപീകരിച്ച് രാത്രിയിൽ ജനങ്ങൾ തന്നെ തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച വെമ്പള്ളിയിൽ തമിഴ്നാട് സ്വദേശിയായ ഒരാളെ കുറുവാ സംഘാംഗമെന്ന പേരിൽ നാട്ടുകാർ തടഞ്ഞ് വെച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കുന്നത്. ചേർത്തലയിലേത് എന്തായാലും കുറുവാ സംഘമല്ലെന്ന് വ്യക്തമായി. കോട്ടയത്തും മറ്റ് ജില്ലകളിലും സമാനമായ തരത്തിൽ സജീവമായ അന്വേഷണം വേണമെന്ന ആവശ്യമാണ് നാട്ടുകാരിൽ നിന്ന് ഉയരുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനസ്തേഷ്യയിൽ വിഷം, രോഗി പിടഞ്ഞ് വീഴും വരെ കാത്തിരിക്കും, കൊലപ്പെടുത്തിയത് 12 രോഗികളെ, സൈക്കോ ഡോക്ടർക്ക് ജീവപര്യന്തം
'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്