
ജബൽപുർ: ഏഴ് മാസം ഗർഭിണിയായ സഹോദരിയെ 19കാരി കൊലപ്പെടുത്തി. വെള്ളിയാഴ്ച കൈത്‌ല എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. അഭിലാഷ എന്ന ഏഴ് മാസം ഗർഭിണിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കഴുത്തിലും വയറിലും ആഴത്തിലുള്ള കുത്തേറ്റ്, ശുചിമുറിയിൽ മരിച്ചുകിടക്കുന്ന നിലയിലാണ് അഭിലാഷയെ കണ്ടെത്തിയത്.
ഒരു പെൺകുട്ടി മുഖം മറച്ച് ഈ വീട്ടിൽ നിന്നും ഓടിപ്പോകുന്നത് കണ്ടതായി അയൽവാസികൾ പൊലീസിന് മൊഴി നൽകി. അഭിലാഷയ്ക്ക് ഒപ്പം താമസിച്ചിരുന്ന സാക്ഷിയെന്ന സഹോദരിയെ കാണാതായ സാഹചര്യത്തിൽ ഇവരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. ഷാഹ്‌പുര-നർസിംഗ്‌പുർ റോഡിൽ നിന്നാണ് സാക്ഷിയെ പൊലീസ് പിന്നീട് പിടികൂടിയത്.
കഴിഞ്ഞ വർഷം മാർച്ചിലാണ് അഭിലാഷയുടെയും അൻമോൽ എന്ന യുവാവിന്റെയും വിവാഹം നടന്നത്. പിന്നീട് അഭിലാഷ ഗർഭിണിയാവുകയും സഹായത്തിനായി സാക്ഷി ഇവരുടെ ഒപ്പം താമസിക്കുകയും ചെയ്തു. സാക്ഷിയും അൻമോലും തമ്മിൽ പിന്നീട് പ്രണയത്തിലായി. ഇക്കാര്യം അഭിലാഷയറിഞ്ഞതോടെ സാക്ഷിയോട് തിരികെ പോകാൻ ആവശ്യപ്പെട്ടു. അൻമോലും സാക്ഷിയോട് തിരികെ പോകാൻ പറഞ്ഞതുകൊണ്ടാണ് താൻ അഭിലാഷയെ വകവരുത്തിയതെന്ന് സാക്ഷി പൊലീസിന് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ സാക്ഷിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam