'ജയ് ശ്രീറാം' വിളിച്ചില്ല; മദ്രസ അധ്യാപകനെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടതായി പരാതി

By Web TeamFirst Published Jun 25, 2019, 11:05 PM IST
Highlights

സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഓടുന്ന തീവണ്ടിയില്‍ നിന്ന് തള്ളിയിടുകയും ചെയ്തെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

കൊല്‍ക്കത്ത: 'ജയ് ശ്രീറാം' വിളിക്കാന്‍ വിസമ്മതിച്ച മദ്രസ അധ്യാപകനെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടതായി പരാതി. ജയ് ശ്രീറാം വിളിക്കാത്തതിനാല്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ട്രെയിനില്‍ നിന്ന് തള്ളിയിടുകയും ചെയ്തെന്ന് ആരോപിച്ച് ഹഫീസ് മൊഹ്ദ് ഷാരൂഖ് ഹല്‍ദാറാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കാനിങ്ങില്‍ നിന്ന് ഹൂഗ്ലിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം ഉണ്ടായത്. ഒരു കൂട്ടം ആളുകളെത്തി ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വിസമ്മതിച്ചതോടെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഓടുന്ന തീവണ്ടിയില്‍ നിന്ന് തള്ളിയിടുകയും ചെയ്തെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. ഇയാളുടെ കണ്ണിനും കൈയ്ക്കും നിസ്സാര പരിക്കേറ്റു. 

മദ്രസ അധ്യാപകന്‍റെ പരാതിയില്‍ കണ്ടാല്‍ തിരിച്ചറിയുന്നവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 341, 323, 325 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. 

click me!