കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി? ഗുണ്ടാത്തലവൻ സീസിംഗ് ജോസ് പിടിയില്‍

By Web TeamFirst Published Jan 21, 2022, 5:23 AM IST
Highlights

കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്ന് കരുതുന്ന ഗുണ്ടാത്തലവൻ സീസിംഗ് ജോസ് പിടിയില്‍. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡാണ് ആന്ധ്രാ പ്രദേശില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

വയനാട്: കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്ന് കരുതുന്ന ഗുണ്ടാത്തലവൻ സീസിംഗ് ജോസ് പിടിയില്‍. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡാണ് ആന്ധ്രാ പ്രദേശില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകം ഉള്‍പ്പടെ ഇരുപതോളം കേസുകളിലെ പ്രതിയാണ് ജോസ്.

ആന്ധ്രയിലെ കാക്കിനഡയിലെ ലോഡ്ജിൽ നിന്നാണ് സീസിംഗ് ജോസിനെ പോലീസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന കാര്‍ത്തിക് മോഹൻ, ഷൗക്കത്ത് എന്നിവരെയും കസ്റ്റഡിയിലെടുത്തു. ആന്ധ്ര പ്രദേശ് പോലീസിന്‍റെ സഹായത്തോടെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് സാഹസികമായി സംഘത്തെ പിടികൂടിയത്. ബത്തേരി കൊളഗപ്പാറയിലെ വീട്ടില്‍ നിന്ന് 102 കിലോ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ജോസിനെ പിടികൂടാൻ സഹായിച്ചത്. അഞ്ച് മാസത്തിലേറെയായി അയൽ സംസ്ഥനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ലഹരിമരുന്ന് കച്ചവടം. കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ജോസെന്ന് പോലീസ് വ്യക്തമാക്കി.

ജോസും സംഘവും കഞ്ചാവ് കടത്തിന് ഉപയോഗിച്ചിരുന്ന രഹസ്യ അറകളുള്ള വാനും പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്ന പുല്‍പ്പാറ ജോസ് അടവു തെറ്റുന്ന വണ്ടികള്‍ പിടിച്ചെടുക്കുന്ന ക്വട്ടേഷനുകള്‍ ഏറ്റെടുത്തതോടെയാണ് സീസിംഗ് ജോസെന്ന പേര് വീണത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

click me!