സംശയം തോന്നിയ പൊലീസ് പരിശോധിച്ചു; കഞ്ചാവുമായി സിനിമയിലെ അസിസ്റ്റന്‍റ് ക്യാമറാമാൻ അറസ്റ്റിൽ

By Web TeamFirst Published Jun 10, 2023, 2:30 AM IST
Highlights

സംശയാസ്പദമായി കണ്ട സുഹൈലിനെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. സിനിമ മേഖലയില്‍ ലഹരി ഉപയോഗം സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സുഹൈൽ സുലൈമാൻ പിടിയിലായിട്ടുള്ളത്.

കോട്ടയം: കാൽ കിലോ കഞ്ചാവുമായി സിനിമ പ്രവർത്തകൻ കോട്ടയം മുണ്ടക്കയത്ത് പിടിയില്‍. അസിസ്റ്റന്‍റ് ക്യാമറാമാനായ മുണ്ടക്കയം സ്വദേശി സുഹൈൽ സുലൈമാനാണ് അറസ്റ്റിലായത്. നീലവെളിച്ചം സിനിമയുടെ അസിസ്റ്റന്‍റ് ക്യാമറാമാനാണ് ഇയാൾ. സംശയാസ്പദമായി കണ്ട സുഹൈലിനെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. സിനിമ മേഖലയില്‍ ലഹരി ഉപയോഗം സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സുഹൈൽ സുലൈമാൻ പിടിയിലായിട്ടുള്ളത്.

ഇതിനിടെ ചലച്ചിത്ര സംവിധായകന്‍ നജീം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത് വന്നിരുന്നു. നിയമപരമായ പരിശോധനകള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ എക്സൈസ് ഉദ്യേഗസ്ഥരുടെ നടപടി സംശയകരമാണെന്നും ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.  

നജീമിനെയും മറ്റുള്ളവരെയും പുറത്തിറക്കി വരിവരിയായി നിര്‍ത്തിയതിനു ശേഷം ഉദ്യോഗസ്ഥര്‍ അകത്ത് കയറി മുറി പൂട്ടുകയായിരുന്നു. കയറിയപാടെ നജീമിനോട് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് സാധനം എടുക്കെടാ എന്നാണ്. 2 മണിക്കൂര്‍ നീണ്ട ഒരു റെയ്ഡ് ആണ് അദ്ദേഹത്തിന്‍റെ മുറിയില്‍ പിന്നീട് നടന്നത്. അതിനിടെ, കിട്ടിയിട്ടില്ല എന്ന് ഏതോ ഉദ്യോഗസ്ഥനോട് ഇവര്‍ പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് നജീമിനോട് ഒരു ഉദ്യോഗസ്ഥന്‍ ചോദിച്ചു,

നീ വലിയ ആത്മവിശ്വാസത്തിലാണല്ലോ. ഇവിടെയില്ല എന്ന് ഉറപ്പാണോ എന്ന്. അതിനിടെ നജീമിന്‍റെ ഉപയോഗത്തിന് പ്രൊഡക്ഷനില്‍ നിന്ന് കൊടുത്ത കാറും ഇവര്‍ പരിശോധിച്ചു", ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമാ മേഖലയില്‍ വന്‍ തോതില്‍ ലഹരി ഉപയോഗമെന്ന ആരോപണത്തെ തുടര്‍ന്ന് സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന കൊച്ചി പൊലീസ് കമ്മിഷണറുടെ പ്രസ്‍താവനയിലും ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. "ഷാഡോ പൊലീസിനെ വച്ചാൽ ക്രൂവിന് തിരിച്ചറിയാൻ സാധിക്കും. സിനിമാ മേഖലയെ മുഴുവൻസമയ നിരീക്ഷണത്തില്‍ നിർത്തുന്നത് എതിർക്കും. ഷാഡോ പൊലീസ് സിനിമാ സെറ്റിൽ വേണ്ട. ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് ഉള്ളവർ എല്ലാം പുറത്തു വിടണം", ബി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഇനിയെങ്കിലും കണ്ണ് തുറക്കൂ..! അല്ലേൽ കുഴിയിൽ നട്ട കപ്പ പാകമാകും, നാട്ടാര് ചമ്മന്തി കൂട്ടി കഴിക്കേണ്ടിയും വരും

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
 

click me!