
ഷിക്കാഗോ: ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് ഭർത്താവിന്റെ വെടിയേറ്റ സംഭവത്തില്‍ ഗർഭസ്ഥ ശിശു മരിച്ചു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഏറ്റുമാനൂര്‍ സ്വദേശിയായ അമല്‍ റെജി കോട്ടയം ഉഴവൂർ സ്വദേശിയായ 32 കാരി മീരയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മീരയെ വെടിവെച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് അമൽ റെജിക്കെതിരെ വധ ശ്രമം, മനപൂർവ നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തി. വെടിവെയ്പ്പിൽ 14 ആഴ്ച്ച പ്രായമായ ഗർഭസ്ഥ ശിശു മരിച്ചു.
ഗുരുതരാവസ്ഥയിൽ കഴിയുന്ന മീരയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പുറമേയ്ക്ക് വളരെ സന്തോഷകരമായ കുടുംബ ജീവിതം നയിച്ചിരുന്ന അമൽ റെജിക്കും മീരയ്ക്കുമിടയിൽ ഇത്രയും രൂക്ഷമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് വിശ്വസിക്കാൻ ഇരുവരുടേയും ബന്ധുക്കൾക്കും നാട്ടുകാർക്കും ഇതുവരെ വിശ്വസിക്കാനായിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയപ്പോഴും ഇരുവരും സന്തുഷ്ടരായിരുന്നുവെന്ന് ഉഴവൂരിലെ മീരയുടെ അയൽവാസികളടക്കം സാക്ഷ്യപ്പെടുത്തുന്നത്. മീര കുട്ടിക്കാലം മുതൽ എല്ലാവർക്കും മാതൃകയായി വളർന്ന കുട്ടിയാണെന്ന് നാട്ടുകാരുടെ അഭിപ്രായം. മീരയുടെ ഉഴവൂരിലെ വീട് അടച്ചിട്ടിരിക്കുകയാണ്.
മാതാപിതാക്കൾ സഹോദരനൊപ്പം യുകെയിലാണ്. മീരയുടെ ഇരട്ട സഹോദരി ചിക്കാഗോയിൽ തന്നെയുണ്ട്. സാമ്പത്തിക കാര്യങ്ങളെ ചൊല്ലി ഇരുവരും തമ്മിൽ തർക്കവും അഭിപ്രായ വിത്യാസവും നിലനിന്നിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോ അമൽ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ചിക്കാഗോയ്ക്ക് സമീപമുള്ള ഒരു പള്ളിയുടെ മുറ്റത്ത് വെച്ച് ഇന്നലെ രാത്രി 10 മണിയോടെ അമൽ മീരയെ വെടിവെക്കുന്നത്. ഉടനെ പൊലീസെത്തിയാണ് ആംബുലന്‍സില്‍ മീരയെ ആശുപത്രിയില്‍ എത്തിച്ചത്.
മീര ലൂതറന്‍റ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് അടിയന്തര ശസ്ത്രക്രിയ ഇതിനകം നടത്തിയതായാണ് റിപ്പോർട്ട്. രണ്ട് തവണയാണ് അമല്‍ റെജി മീരയ്ക്ക് നേരെ വെടിയുതിര്‍ത്തത്. മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്. പോയിന്‍റ് ബ്ലാങ്കിലാണ് അമൽ മീരയെ വെടിയുതിര്‍ത്തത്. 2019 ലായിരുന്നു നഴ്സായ മീരയും എഞ്ചിനീയറായ അമലും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam