
ഇടുക്കി: ഫേസ്ബുക്ക് പ്രണയം നിഷേധിച്ച യുവാവിനെ കൊല്ലാൻ ക്വൊട്ടേഷൻ നൽകി മലേഷ്യൻ യുവതി. യുവാവിന്റ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒൻപതംഗ ക്വൊട്ടേഷൻ സംഘം അറസ്റ്റിൽ. മധുരസ്വദേശികളായ അൻപരശൻ 24, മുനിയസ്വാമി 21, തിരുമുരുകൻ 21, അയ്യനാർ 20, ബാസ്കരൻ 47, തേനി സ്വദേശികളായ യോഗേഷ് 20, ദിനേശ് 22, കാർത്ത് 20 എന്നിവരെയാണ് ബോഡി പൊലീസ് സ്വകാര്യ ഹോട്ടൽ മുറിയിൽ നിന്നും അറിസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. തേനി സ്വദേശിയും ബംഗളൂരുവില്‍ ഐ ടി എഞ്ചിനീയറുമായ അശോക് കുമാറിന്റെ പരാതിയിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെയാണ് അശോക് കുമാർ മലേഷ്യൻ യുവതിയെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി.
യുവതി പലവട്ടം വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും യുവാവ് സമ്മതിച്ചില്ല. ഇതോടെ ഒരാഴ്ച മുമ്പ് തേനിയിലെത്തിയ യുവതി അശോക് കുമാറിനെ നേരിൽ കാണുകയും വിവാഹം ഉടൻ ചെയ്യുന്നമെന്നും ആവശ്യപ്പെട്ടു വഴക്കുണ്ടാക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മടങ്ങിപ്പോവുകയും ചെയ്തു. ഇരുവരും തമ്മില്‍ പണമിടപാടുകളും ഉണ്ടായിരുന്നതായി സൂചനയുണ്ട്.
സംഭവത്തെ തുടർന്ന് യുവാവ് വീരപാണ്ടി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അശോക് കുമാറിനെ കൊല്ലാൻ 5 ലക്ഷം രൂപയാണ് സംഘം യുവതിയോട് ആവശ്യപ്പെട്ടത്. ഇതിൽ 1 ലക്ഷം മുൻകൂറായി വാങ്ങുകയും ചെയ്തു. തൊട്ടടുത്ത ദിവസം കൃത്യം നിർവ്വഹിക്കാനാണ് സംഘം പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ നാട്ടിലെത്തിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam