
തൃശൂര്‍: ഭാര്യയുടെ ക്വട്ടേഷനില്‍ ഭര്‍ത്താവിനെ കടയില്‍ കയറി വാടിവാള്‍ വീശി ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ആളൂര്‍ പൊന്‍മിനിശേരി വീട്ടില്‍ ജിന്‍റോയെ (34) ആണ് പൊലീസ് കോടതിയിൽ നിന്നും കസ്റ്റഡിയില്‍ വാങ്ങിയത്. തുടര്‍ന്ന് ഇയാളുമായി തെളിവെടുപ്പ് നടത്തി. ഗുരുതിപ്പാലയില്‍ പലചരക്ക് കട നടത്തുന്ന കീഴിടത്തുപറമ്പില്‍ ജോണ്‍സനാണ് മര്‍ദനമേറ്റത്. ജോണ്‍സനും ഭാര്യ രേഖയും തമ്മില്‍ വഴക്കിട്ട് അകന്ന് കഴിയുകയാണ്.
കഴിഞ്ഞ ഏപ്രില്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിനെ ആക്രമിക്കാന്‍ രേഖ തന്‍റെ സുഹൃത്തായ ജിന്റോയെ ഏല്‍പ്പിക്കുകയായിരുന്നു. രേഖയുടെ ഒത്താശയോടെ ജിന്റോ മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി കടയില്‍ കയറി ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ 23ന് ഉച്ചയ്ക്ക് ഒരുമണിയോടെ അഞ്ചുപേര്‍ വാടിവാളുമായി വന്ന് കടയ്ക്കകത്തേക്ക് ഇരച്ചു കയറി ജോണ്‍സനെ ആക്രമിക്കുകായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ജോണ്‍സന്‍ ചാലക്കുടി ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങളും ഫോണ്‍ വിവരങ്ങളും പരിശോധിച്ചപ്പോഴാണ് ജോണ്‍സന്‍റെ ഭാര്യ രേഖയാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.
തുടര്‍ന്നാണ് പൊലീസ് രേഖയെ കേസില്‍ പ്രതി ചേര്‍ത്തത്. സംഭവ ശേഷം ജിന്‍റോയും രേഖയും ഒളിവില്‍ പോയി. ജിന്റോ ജില്ലാ സെഷന്‍സ് കോടതിയല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വയം ഹാജരാവുകയും കോടതി റിമാന്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് കോടതിയില്‍നിന്നും ജിന്റോയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ജിന്റോ ജോണ്‍സനെ ആക്രമിക്കുന്നതിനായി സ്ഥലത്തേക്ക് വന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
ജിന്റോ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി രേഖ ഇപ്പോഴും ഒളിവിലാണ്. എസ്.ഐമാരായ വിമല്‍ വി.വി, സി.കെ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. ആക്രമണത്തില്‍ പങ്കെടുത്ത മറ്റു പ്രതികളായ ചാലക്കുടി കല്ലുപ്പറമ്പില്‍ ഷമീര്‍, മേലൂര്‍ പേരുക്കുടി വിവേക്, പോട്ട കുറ്റിലാംകൂട്ടം സനല്‍, ചാലക്കുടി ബംഗ്ലാവ് പറമ്പില്‍ പടയപ്പ എന്ന ഷിഹാസ്, അന്നനാട് കാഞ്ഞിരത്തിങ്കല്‍ സജി എന്നിവരെ സംഭവ ദിവസം തന്നെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ ജയിലിലാണ്.
Read More : 'പെൺകുട്ടികൾ കൊല്ലപ്പെടുന്ന നാടായി പിണറായി വിജയൻ കേരളത്തെ മാറ്റി'; രൂക്ഷ വിമർശനവുമായി കെ സുധാകരൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam