മൂന്ന് ദിവസങ്ങളിലായി മൂന്ന് കൊലപാതകങ്ങൾ, മൃതദേഹത്തിന്റെ തലവെട്ടി മാറ്റി, 22 കാരൻ അറസ്റ്റിൽ

By Web TeamFirst Published Dec 5, 2020, 10:47 AM IST
Highlights

26കാരനായ രാകേഷ് കുമാറിന്റെ മൃതദേഹം തലയറുത്തെടുത്ത നിലയിലാണ് കണ്ടെത്തിയത്. റജിയുടെ അറസ്റ്റിന് ശേഷം മാത്രമാണ് തല കണ്ടെടുത്തത്. 

ദില്ലി: തുടർച്ചയായ മൂന്ന് ദിവസങ്ങളിലായി മൂന്ന് കൊലപാതകങ്ങൾ നടത്തിയ 22 കാരൻ പിടിയിൽ. കവർച്ചാ ശ്രമത്തിന്റെ ഭാ​ഗമായാണ് ഇയാൾ മൂന്ന് കൊലപാതകങ്ങളും നടത്തിയത്. മുഹമ്മദ് റജി എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി. ​ഗുരു​ഗ്രാമിലെ ഐഎഫ്എഫ്സിഒ ചൗക്കിലാണ് സംഭവം. 

​ഗുരു​ഗ്രാമിലെ ​ഗസ്റ്റ് ഹൗസിൽ ജീവനക്കാരനായിരുന്നു പ്രതി. എന്നാൽ കഴിഞ്ഞ ഒരു മാസമായി ഇയാൾക്ക് ജോലിയില്ല. നവംബർ 23, 24, 25 ​ദിവസങ്ങളിലായി താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. 

മദ്യം നൽകി മയക്കിയതിന് ശേഷം പ്രതി മൂന്ന്കു പേരെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം കൊലപ്പെടുത്തിയത് ഒരു യുവാവിനെയും പിന്നീട് ഒരു സെക്യൂരിറ്റി ​ഗാർഡിനെയുമായിരുന്നു. മൂന്നാമത്തെ കൊലപാതകം അതിക്രൂരമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. 

26കാരനായ രാകേഷ് കുമാറിന്റെ മൃതദേഹം തലയറുത്തെടുത്ത നിലയിലാണ് കണ്ടെത്തിയത്. റജിയുടെ അറസ്റ്റിന് ശേഷം മാത്രമാണ് തല കണ്ടെടുത്തത്. സെക്ടർ 47ലെ വിജിലൻസ് ബ്യൂറോയ്ക്ക് മുമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച ആധാർ കാര്‌‍‍ഡിലൂടെയാണ് രാകേഷിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. 

രാകേഷിന്റെ  കഴുത്തറുത്താണ് കൊന്നതെന്നും, കൊല്ലപ്പെട്ടയാളെ തിരിച്ചറിയാതിരിക്കാനാണ് തല വെട്ടിമാറ്റിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മൃതദേഹം അഴുക്കുചാലിൽ ഒഴുക്കിയ പ്രതി തല തുണിയിൽ പൊതിഞ്ഞ് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതിയെ പിടികൂടാൻ 250 മുതൽ 300 വരെയുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചതായി പൊലീസ് പറഞ്ഞു.  പ്രതിയും കുമാറും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടായിരുന്നതായി അറിയില്ലെന്ന് കുമാറിന്റെ ബന്ധുക്കൾ പറഞ്ഞു. 

click me!