
ബെംഗളൂരു: ബെംഗളൂരുവില്‍ 2013ല്‍ എടിഎമ്മില്‍ പണമെടുക്കാനെത്തിയ മലയാളി യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് കോടതി പത്ത് വർഷം തടവുശിക്ഷ വിധിച്ചു. 2013 ല്‍ രജിസ്റ്റർ ചെയത കേസില്‍ ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ആന്ധ്രപ്രദേശ് സ്വദേശി മധുകർ റെഡ്ഡിക്ക് ശിക്ഷ വിധിച്ചത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിർണായക തെളിവായത്.
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു 2013 നവംബർ 19ന് ബെംഗളൂരു കോർപ്പറേഷന്‍ സർക്കിളില്‍ നടന്നത്. രാവിലെ എടിഎമ്മില്‍ പണമെടുക്കാനായി കയറിയ തിരുവനന്തപുരം സ്വദേശിനിയായ ബാങ്കുദ്യോഗസ്ഥ ജ്യോതി ഉദയയാണ് ക്രൂരമായ ആക്രമണത്തിനിരയായത്. ജ്യോതി എടിഎമ്മില്‍ കയറിയതിന് പിന്നാലെ കയറിയ പ്രതി തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി പണം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിന് തയാറാകാഞ്ഞപ്പോൾ കത്തികൊണ്ട് മാരകമായി മുറിവേല്‍പിച്ച് മൊബൈല്‍ഫോൺ, പേഴ്സ്, സ്വർണാഭരണങ്ങൾ എന്നിവയെല്ലാം തട്ടിയെടുത്തശേഷമാണ് പ്രതി സ്ഥലം വിട്ടത്. ഗുരുതരമായി പരിക്കേറ്റ ജ്യോതി മാസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. സംഭവം നടന്ന് നാല് വർഷങ്ങൾക്ക് ശേഷം 2017ലാണ് ആന്ധ്രപ്രദേശിലെ മദനപ്പള്ളിയില്‍നിന്നാണ് മധുകർ റെഡ്ഡിയെ പൊലീസ് പിടികൂടിയത്.
വിചാരണക്കിടെ പിതാവ് കിടപ്പിലാണെന്നും ഭാര്യയും മക്കളും തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതി അപേക്ഷിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. തടവിനൊപ്പം പന്ത്രണ്ടായിരം രൂപ പിഴ അടക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ രാജ്യത്താകെ എടിഎം സുരക്ഷ സംബന്ധിച്ച് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam