Latest Videos

ക്യൂ ഒഴിവാക്കാന്‍ പൈലറ്റായി ആള്‍മാറാട്ടം; തുടര്‍ച്ചയായി തട്ടിപ്പ് നടത്തിയ യാത്രക്കാരന്‍ പിടിയിലായത് ഇങ്ങനെ

By Web TeamFirst Published Nov 20, 2019, 10:52 AM IST
Highlights

യുട്യൂബില്‍ നിന്ന് കണ്ട വീഡിയോകളില്‍ നിന്നാണ് ലുഫ്ത്താന്‍സ പൈലറ്റിന്‍റെ വ്യാജ ഐഡിയുണ്ടാക്കിയതെന്ന് ഇയാള്‍ മൊഴി നല്‍കി. ലുഫ്ത്താന്‍സ പൈലറ്റ് സംശയാസ്പദമായ സാഹചര്യത്തില്‍ എയര്‍ ഏഷ്യ വിമാനത്തില്‍ കയറാന്‍ ശ്രമിച്ചതാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടാക്കിയത്. 

ദില്ലി: വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാന്‍ പൈലറ്റ് ചമഞ്ഞയാള്‍ അറസ്റ്റില്‍. ലുഫ്ത്താന്‍സ എയര്‍ലൈന്‍സിന്‍റെ പൈലറ്റിന്‍റെ വേഷത്തിലാണ് ദില്ലി സ്വദേശി എയര്‍പോര്‍ട്ടിലെത്തിയത്. പുറപ്പെടല്‍ ഗേറ്റിന് സമീപത്ത് നിന്നാണ് രാജന്‍ മെഹ്ബുബാനിയെ സിആര്‍പിഎഫ് പിടികൂടുന്നത്. കൊല്‍ക്കത്തയ്ക്കുള്ള എയര്‍ ഏഷ്യ വിമാനത്തിലേക്ക് കയറുന്നതിന് തൊട്ട് മുന്‍പാണ് ഇയാള്‍ പിടിയിലാവുന്നത്. 

ലുഫ്ത്താന്‍സ പൈലറ്റ്  സംശയാസ്പദമായ സാഹചര്യത്തില്‍ എയര്‍ ഏഷ്യ വിമാനത്തില്‍ കയറാന്‍ ശ്രമിച്ചതാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടാക്കിയത്. യുട്യൂബില്‍ നിന്ന് കണ്ട വീഡിയോകളില്‍ നിന്നാണ് ലുഫ്ത്താന്‍സ പൈലറ്റിന്‍റെ വ്യാജ ഐഡിയുണ്ടാക്കിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ബാങ്കോക്കില്‍ നിന്നാണ് വ്യാജ ഐഡി സ്വന്തമാക്കിയതെന്നും ഇയാള്‍ പറഞ്ഞു. 

സിആര്‍പിഎഫ് ഇയാളെ ദില്ലി പൊലീസിന് കൈമാറി. വിശദമായ പരിശോധനയില്‍ ഇയാള്‍ ദില്ലിയിലെ വസന്തകുഞ്ചില്‍ താമസിക്കുന്ന ഇയാളുടെ വിവിധ യൂണിഫോമുകളിലുള്ള ഇയാളുടെ ചിത്രങ്ങളും പൊലീസ് കണ്ടെത്തി. ആര്‍മി കേണിലിന്‍റെ വേഷത്തില്‍ അടക്കമുള്ള ചിത്രങ്ങളും യൂണിഫോമുകളും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആള്‍മാറാട്ടം നടത്തി ഇയാള്‍ വേറെ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

സുരക്ഷാ പരിശോധന പെട്ടന്ന് നടക്കുന്നതും നീണ്ട ക്യൂവില്‍ കാത്ത് നില്‍ക്കാതെ കടന്നുപോകാമെന്നതുമാണ് പൈലറ്റ് വേഷംകൊണ്ടുള്ള പ്രയോജനമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതിന് മുന്‍പ് ഇതേ യൂണിഫോം ഉപയോഗിച്ച് ഇയാള്‍ യാത്ര നടത്തിയിട്ടുണ്ടെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ രാജന്‍ മെഹ്ബുബാനി പറഞ്ഞു. പൈലറ്റ് വേഷത്തിലെത്തി സാധാരണ ടിക്കറ്റില്‍ നിന്ന് ഉയര്‍ന്ന ടിക്കറ്റ് യാത്രയും തരപ്പെടുത്തിയിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. 

click me!