ലോകകപ്പ് ക്രിക്കറ്റിനിടെ ബെറ്റ് വച്ച് തോറ്റു; പണം നൽകാത്തതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി

By Web TeamFirst Published Jul 21, 2019, 1:08 PM IST
Highlights

വ്യാഴാഴ്‌ച രാത്രി വെള്ളക്കാറിലെത്തിയ സംഘം നിലേഷിനെ ബലമായി കാറിലേക്ക് വലിച്ചിട്ട് പോവുകയായിരുന്നു

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിനിടെ വൻതുക ബെറ്റ് വച്ച് തോറ്റയാളെ പണം നൽകാത്തതിനെ തുടർന്ന് തട്ടിക്കൊണ്ടുപോയതായി പരാതി. അഹമ്മദാബാദിനടുത്ത് ഗോടയിൽ ന്യൂ ആഷിയാനയിലെ താമസക്കാരിയായ കാജൽ വ്യാസ്(34) ആണ് ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകിയത്.

കാജലിന്റെ പരാതിയിൽ നിലേഷിനെ തട്ടിക്കൊണ്ടുപോയ വിജയ് ചവ്‌ദയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. രാജ്‌കോട്ട് സ്വദേശിയായ വിജയ് ചവ്‌ദയ്ക്ക് ബെറ്റ് വച്ച വകയിൽ പത്ത് ലക്ഷം രൂപയാണ് നിലേഷ് നൽകാനുണ്ടായിരുന്നത്. 

നിലേഷിനും കാജലിനും 19 ഉം നാലും വയസ് പ്രായമുള്ള രണ്ട് മക്കളുണ്ട്. നിലേഷിന് ഇപ്പോൾ ജോലിയില്ല. ജുനഗഡിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ക്രിക്കറ്റ് ലോകകപ്പിനിടെ ബെറ്റ് വച്ച് 15 ലക്ഷം രൂപയുടെ കടമാണ് നിലേഷ് ഉണ്ടാക്കിയത്. ഇതേ തുടർന്ന് ഇവർ കുടുംബസമേതം അഹമ്മദാബാദിലേക്ക് താമസം മാറി.

എന്നാൽ നിലേഷിനെ തേടി വിജയ് ചാവ്‌ദ അഹമ്മദാബാദിലെത്തി. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ നിലേഷിന്റെ സഹോദരൻ ജിഗ്നേഷാണ് ചാവ്‌ദയും സംഘവും നിലേഷിനെ തട്ടിക്കൊണ്ടുപോയതായി കാജലിനെയും പിതാവിനെയും അറിയിച്ചത്. ഒരു വെള്ളക്കാറിലെത്തിയ സംഘം നിലേഷിനെ ഇതിലേക്ക് ബലമായി പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു.

തട്ടിക്കൊണ്ടുപോയി ഏതാണ്ട് 45 മിനിറ്റുകൾക്ക് ശേഷം നിലേഷിന്റെ ഫോൺ കോൾ ലഭിച്ചെന്നും പത്ത് ലക്ഷം രൂപ കൊറിയറായി അയച്ചാൽ നിലേഷിനെ സ്വതന്ത്രനാക്കാമെന്നുമാണ് പറഞ്ഞതെന്നും കാജൽ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

click me!