
ഭർവാനി: അമ്മയുടെ വീട്ടിൽ പോയ ഭാര്യ മടങ്ങിവരാൻ തയ്യാറായില്ല. ക്ഷുഭിതനായ ഭർത്താവ് രണ്ട് മക്കളെ മഴുവിന് വെട്ടിക്കൊന്നു. മധ്യപ്രദേശിലെ വർലയിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് സംഭവം. സഞ്ജു ദാബർ എന്ന യുവാവാണ് അഞ്ച് വയസുള്ള മകനെയും മൂന്ന് വയസുള്ള മകളേയും വെട്ടിക്കൊന്നത്.
പിന്നാലെ ഭാര്യയേയും ആക്രമിച്ച ശേഷം ജീവനൊടുക്കാനും ഇയാൾ ശ്രമിക്കുകയായിരുന്നു. ഇവർ രണ്ട് പേരും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഏഴ് വർഷം മുൻപാണ് ദിയോലി സ്വദേശിയായ ഭാരതിയെ സഞ്ജു വിവാഹം ചെയ്തത്. അഞ്ച് ദിവസം മുൻപ് ദമ്പതികൾ തമ്മിൽ തർക്കമുണ്ടാവുകയും ഭാരതി അവരുടെ വീട്ടിലേക്ക് മക്കളേയും കൂട്ടി പോവുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി യുവാവ് ഭാര്യയുടെ വീട്ടിലെത്തി. ശനിയാഴ്ച രാവിലെ ഭാര്യയോട് വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കാൻ സഞ്ജു ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം ഭാരതി നിഷേധിക്കുകയായിരുന്നു. ഇതിൽ ക്ഷുഭിതനായ യുവാവ് മഴുവെടുത്ത് മക്കളേയും പിന്നാലെ ഭാര്യയേയും ആക്രമിക്കുകയായിരുന്നു. തലയിലേറ്റ അടിയേ തുടർന്ന് തലയും താടിയെല്ലും തകർന്നാണ് കുട്ടികൾ മരിച്ചത്. തടസം പിടിക്കാനെത്തിയ ഭാരതിയേയും ഇയാൾ ആക്രമിച്ചു. വെട്ടറ്റ് ഭാരതി നിലത്ത് വീണതിന് പിന്നാലെ ഇയാൾ സ്വയം മുറിവേൽപ്പിക്കുകയായിരുന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam