
മധുരൈ: ഇതര ജാതിയിൽ പെട്ട യുവാവുമായി സഹോദരിയുടെ പ്രണയം. കണ്ണില്ലാത്ത ക്രൂരതയുമായി സഹോദരൻ. തമിഴ്നാട്ടിലെ മധുരൈയിലാണ് ജാതിയുടെ പേരിൽ ക്രൂരമായ കൊലപാതകം നടന്നത്. സഹോദരിയുമായി പ്രണയത്തിലായ യുവാവിന്റെ കഴുത്ത് അറുത്ത് വെട്ടിയെടുത്ത തല പൊതുവിടത്ത് വച്ച ശേഷം വീട്ടിലെത്തിയ യുവാവ് സഹോദരിയേയും കഴുത്തറുത്ത് കൊന്നു. മകളെ ആക്രമിക്കുന്നതിന് തടസം പിടിക്കാനെത്തിയ അമ്മയുടെ കയ്യും യുവാവ് അറുത്ത് മാറ്റി.
മധുരൈ തിരുമംഗലം കൂടകോവിലിൽ ചൊവ്വാഴ്ച രാത്രിയാണ് ക്രൂരമായ കൊലപാതകങ്ങൾ നടന്നത്. 25കാരിയായ മഹാലക്ഷ്മി ഇവരുടെ കാമുകനായ 28കാരൻ സതീഷ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രവീൺ കുമാർ എന്ന 22 കാരനാണ് കൊലപാതകങ്ങൾക്ക് പിന്നിൽ. സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. മധുരൈയിലെ വാണിയൻകുളം സ്വദേശിയുമായി നേരത്തെ വിവാഹിതയായിരുന്നു മഹാലക്ഷ്മി. എന്നാൽ ഈ ബന്ധം നല്ല രീതിയിൽ പോവാത്തതിന് പിന്നാലെ വിവാഹ മോചനം നേടിയ മഹാലക്ഷ്മി തിരികെ വീട്ടിലെത്തുകയായിരുന്നു.
അമ്മയ്ക്കും സഹോദരൻ പ്രവീണിനും ഒപ്പം താമസം തുടങ്ങിയ മഹാലക്ഷ്മി ഇതര ജാതിയിലുള്ള സതീഷ് കുമാറുമായി പ്രണയത്തിലായി. ഇതേ ചൊല്ലി പ്രവീൺ മഹാലക്ഷ്മിയുമായി നിരന്തരം കലഹിച്ചിരുന്നു. ബന്ധത്തിൽ നിന്ന് പിന്മാറാൻ 22 കാരൻ സഹോദരിയേയും കാമുകനേയും നിർബന്ധിച്ചിരുന്നു. എന്നാൽ ഇതിന് വഴങ്ങാതെ വന്നതോടെയാണ് കൊലപാതകം ചെയ്യാൻ പ്രവീണ്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച രാത്രി വഴിയിൽ പതുങ്ങി നിന്ന പ്രവീണ്‍ സതീഷിനെ ആക്രമിക്കുകയായിരുന്നു. സതീഷിനെ കഴുത്തറുത്ത് കൊന്ന ശേഷം വെട്ടിയെടുത്ത തല ആളുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതിന് പിന്നാലെ വീട്ടിലെത്തിയ പ്രവീണ്‍ മഹാലക്ഷ്മിയേയും ആക്രമിക്കുകയായിരുന്നു.
മകളെ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തി അമ്മയ്ക്കും പ്രവീണിന്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ വലതു കൈത്തണ്ട പ്രവീണ്‍ അറുത്തുമാറ്റുകയായിരുന്നു. മഹാലക്ഷ്മിയുടേയും സതീഷ് കുമാറിന്റേയും മൃതദേഹം പോസ്ററ് മോർട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്. പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam