20 രൂപ പാസിനെ ചൊല്ലി തർക്കം, യുവാവിന്‍റെ മുഖത്ത് കമ്പി വടികൊണ്ട് അടിച്ച് ബൗൺസർ, ഒരു കണ്ണിന്‍റെ കാഴ്ച പോയി

Published : Apr 03, 2024, 11:54 AM IST
20 രൂപ പാസിനെ ചൊല്ലി തർക്കം, യുവാവിന്‍റെ മുഖത്ത് കമ്പി വടികൊണ്ട് അടിച്ച് ബൗൺസർ, ഒരു കണ്ണിന്‍റെ കാഴ്ച പോയി

Synopsis

20 രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്. എന്നാൽ താൻ സന്ദർശകനല്ലെന്നും വ്യാപാരിയാണെന്നും ടിക്കറ്റ് എടുക്കേണ്ടതില്ലെന്നും ഇയാൾ ബൗൺസർമാരോട് പറഞ്ഞു. എന്നാൽ അവർ അത് വിശ്വക്കാൻ തയ്യാറായില്ലെന്ന്  ഗുൽഷന്‍റെ കുടുംബം പറഞ്ഞു.

ജയ്പൂർ: രാജസ്ഥാനിൽ വ്യാപാര മേളയിൽ പങ്കെടുക്കാനെത്തിയ യുവാവിന്‍റെ മുഖത്ത് ഇരുമ്പ് കമ്പികൊണ്ട് അടിച്ച് സെക്യൂരിറ്റി ചുമതയുള്ള  ബൗൺസർ. ആക്രമണത്തിൽ യുവാവിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. ശ്രീ ഗംഗാനഗറിലെ വ്യാപാര മേളയിൽ പങ്കെടുക്കാനെത്തിയ ഗുൽഷൻ വാധ്വ എന്ന വ്യാപാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ദാരുണമായ ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ വ്യാപാരി ആശുപത്രിയിൽ ചികിത്സയിസാണ്. 

ശ്രീ ഗംഗാനഗറിൽ നടക്കുന്ന വ്യാപാര മേളയിൽ ഗുൽഷൻ വാധ്വ ഒരു സ്റ്റാൾ ഇട്ടിരുന്നു. ഇവിടേക്ക് കുടുംബ സമേതം എത്തിയതായിരുന്നു വ്യാപാരി. എന്നാൽ പ്രവേശന കവാടത്തിൽ വെച്ച് ബൗൺസർമാർ ഇയാളെ തടഞ്ഞു. എക്സപോയിൽ പങ്കെടുക്കണമെങ്കിൽ ടിക്കറ്റ് എടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. 20 രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്. എന്നാൽ താൻ സന്ദർശകനല്ലെന്നും വ്യാപാരിയാണെന്നും ടിക്കറ്റ് എടുക്കേണ്ടതില്ലെന്നും ഇയാൾ ബൗൺസർമാരോട് പറഞ്ഞു. എന്നാൽ അവർ അത് വിശ്വക്കാൻ തയ്യാറായില്ലെന്ന്  ഗുൽഷന്‍റെ കുടുംബം പറഞ്ഞു.

ടിക്കറ്റെടുക്കേണ്ടെന്നും അകത്തേക്ക് കടത്തിവിടണമെന്നും പറഞ്ഞതോടെ ഇരു കൂട്ടരും തമ്മിൽ തർക്കമുണ്ടാവുകയും പെട്ടന്ന്  സെക്യൂരിറ്റി ജീവനക്കാർ കൈവശമുണ്ടായിരുന്ന ഇരുമ്പ് കമ്പികൊണ്ട് മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗുൽഷൻ വാധ്വയെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ കണ്ണിന് പരിക്കുള്ളതിനാൽ യുവാവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.

നാല് ദിവസമായി യുവാവ് ആശുപത്രിയിൽ തുടരുകയാണ്. അതേസമയം സംഭവത്തിൽ കേസെടുത്തതായും ബൗൺസറെ  അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. എന്നാൽ ആക്രമണത്തിൽ  കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ഗുൽഷൻ  വാധ്വയുടെ കുടുംബം ആരോപിച്ചു. ഒന്നിൽ കൂടുതൽ പേർ ചേർന്നാണ് മകനെ ആക്രമിച്ചതെന്നും അവരെയും അറസ്റ്റ് ചെയ്യണമെന്നും ഗുൽഷന്‍റെ പിതാവ് ആവശ്യപ്പെട്ടു.   കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Read More :  വല്ലാത്ത ചതി! തൃശൂരിൽ പൊലീസുകാരൻ യുവാവിനെ പറ്റിച്ച് തട്ടിയത് 21 ലക്ഷം, പരാതി കൊടുത്തതിന് ക്രൂര മർദ്ദനവും

PREV
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്