
ദില്ലി: തലസ്ഥാന നഗരത്തിലെ തിരക്കേറിയ ജിടി കര്‍ണാല്‍ റോഡില്‍ വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിച്ച് റീല്‍ ചിത്രീകരിച്ച യുവാവ് പിടിയില്‍. ദില്ലി സ്വദേശിയായ വിപിന്‍ കുമാര്‍ എന്ന 26കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
'ജിടി റോഡില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് റീല്‍ ഉണ്ടാക്കിയ വിപിനെതിരെ മോട്ടോര്‍ വാഹന നിയമത്തിലെയും ഐപിസിയിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇയാളുടെ ബൈക്കും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ദില്ലി പൊലീസ് എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം ചിത്രീകരിച്ച വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായതോടെ വിപിനെ പിടികൂടിയത്. നടുറോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്ക്. അതിന് സമീപത്ത് വച്ച കസേരയില്‍ വിപിന്‍ വന്ന് ഇരിക്കുന്നതുമാണ് വൈറലായ വീഡിയോ.
കഴിഞ്ഞദിവസം ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ച് റീല്‍ ചിത്രീകരിച്ച ഒരു യുവാവിനെതിരെ ദില്ലി ട്രാഫിക് പൊലീസ് കേസെടുത്തിരുന്നു. ദില്ലി സ്വദേശി ആദിത്യ എന്ന 20 കാരനെതിരൊണ് കേസെടുത്തത്. വീഡിയോ വൈറലായതോടെയാണ് യുവാവിനെതിരെയും കേസെടുത്തത്. റോഡിലെ വീഡിയോ ചിത്രീകരണങ്ങൾ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.