
ദില്ലി: ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന്, രണ്ട് വയസ്സുകാരൻ മകനെ പിതാവ് മൂന്നു നിലയുള്ള വീടിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്കെറിഞ്ഞു. ഇയാളും കൂടെ ചാടിയതായി പൊലീസ് വ്യക്തമാക്കി. ഗുരുതരമായ പരിക്കുകളോടെ ഇരുവരെയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദില്ലിയിലെ കൽകാജിയിൽ ഇന്നലെ രാത്രിയാണ് സംഭവം.
മാൻ സിങ്ങും ഭാര്യ പൂജയും കഴിഞ്ഞ കുറച്ച് മാസങ്ങളായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. രണ്ട് കുട്ടികൾക്കൊപ്പം കൽക്കാജിയിലെ മുത്തശ്ശിയുടെ വീട്ടിലാണ് പൂജ ഇപ്പോൾ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി മാൻസിംഗ് ഇവരെ കാണാനെത്തി. തുടർന്ന് ഇവർ തമ്മിൽ വഴക്ക് ആരംഭിച്ചു.
തർക്കം മൂർച്ഛിച്ചതിനെ തുടർന്ന് ഇയാൾ മകനെ മൂന്നു നിലയുള്ള വീടിന്റെ ബാൽക്കെണിയിൽ നിന്ന്, 21 അടി താഴ്ചയിലേക്ക് എറിയുകയായിരുന്നു. കൂടെ ഇയാളും ചാടി. ഇയാൾ മദ്യ ലഹരിയിലായിരുന്നു എന്ന് പൂജയുടെ മുത്തശ്ശി ആരോപിക്കുന്നു. വധശ്രമത്തിന് ഇയാൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
11 വയസുകാരിയെ പീഡിപ്പിച്ച സ്കൂൾ ബസ് ക്ലീനർ അറസ്റ്റിൽ; കുട്ടിയെ പീഡിപ്പിച്ചത് തീയേറ്ററിൽ കൊണ്ടുപോയി
അതേ സമയം, ദില്ലിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട സംഭവത്തിൽ അധ്യാപിക അറസ്റ്റിലായി. ദില്ലിയിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം. ഗീതാ ദേശ്വാൾ എന്ന അധ്യാപികയാണ് അറസ്റ്റിലായത്. അക്രമത്തിനിരയായ വന്ദന എന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
ദില്ലി നഗർ നിഗം ബാലികാ വിദ്യാലയത്തിലെ അധ്യാപികയാണ് ഗീത. കെട്ടിടത്തിൽ നിന്ന് താഴേക്ക് തള്ളിയിടുന്നതിനു മുമ്പ് വിദ്യാർത്ഥിയെ ഗീത കത്രിക കൊണ്ട് ആക്രമിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. വന്ദനയെ ആക്രമിക്കുന്നതിൽ നിന്ന് ഗീതയെ പിന്തിരിപ്പിക്കാൻ റിയ എന്ന സഹഅധ്യാപിക ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇത്തരമൊരു ക്രൂരത കാട്ടാൻ അധ്യാപികയെ പ്രേരിപ്പിച്ചതെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
കുട്ടി മുകൾ നിലയിൽ നിന്ന് താഴേക്ക് വീഴുന്നതു കണ്ട് ഓടിക്കൂടിയവരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ബാരാ ഹിന്ദു റാവു ആശുപത്രിയിലാണ് സാരമായി പരിക്കേറ്റ കുട്ടിയുള്ളത്. കുട്ടിയെ ആശുപത്രിയിലേക്കെത്തിച്ചവർ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചതും. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.