
തൃശൂർ: കുന്നംകുളത്ത് യുവതിയെ ഓടുന്ന കാറിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹത്തെക്കുറിച്ചുള്ള തർക്കത്തെ തുടർന്നാണ് യുവതിയെ പ്രതിയായ അർഷദ് ഓടുന്ന കാറിൽ നിന്ന് തള്ളിയിട്ടതെന്ന് പൊലീസ് പറഞ്ഞു. കാറിൽ നിന്ന് വീണ് പരിക്കേറ്റ ചെറായി സ്വദേശി പ്രതീക്ഷയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവുമായി അകന്ന് കഴിയുകയാണ് പരിക്കേറ്റ യുവതി. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. ഗുരുവായൂർ കാവീട് സ്വദേശിയാണ് അർഷാദ്. ഇരുവരും നേരത്തെ മുതൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച്ച മുതൽ അർഷദിനൊപ്പമാണ് യുവതി താമസിക്കുന്നത്. ഇന്ന് രാവിലെ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ തർക്കമുണ്ടാകുകയും അർഷാദ് ഡോർ തുറന്ന് പുറത്തേക്ക് തള്ളുകയുമായിരുന്നു. എന്നാൽ പിടിവിടാതെ ഡോറിൽ തൂങ്ങി കിടക്കുന്നതിനിടെയാണ് യുവതിക്ക് സാരമായി പരിക്കേറ്റത്. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും പ്രതീക്ഷയെ അർഷാദ് തള്ളിയിടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കുന്നംകുളത്ത് യുവതിയെ കാറിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം, സുഹൃത്ത് പിടിയിൽ
പരിക്കേറ്റ നിലയിലാണ് രാവിലെ റോഡരികിൽ പ്രതീക്ഷയെ കണ്ടെത്തിയത്. കാറപകടത്തിൽ പരിക്കേറ്റതാണെന്നും ഇടിച്ച കാർ നിർത്താതെ പോയി എന്നുമായിരുന്നു ആദ്യ നിഗമനം. സാരമായി പരിക്കേറ്റ യുവതിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസെത്തി യുവതിയുടെ മൊഴി എടുത്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. യുവതിയുടെ പരാതിയിൽ അർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.