
കാസര്‍കോട്: ബദിയടുക്കയില്‍ കുടിവെള്ള പൈപ്പ് നന്നാക്കാന്‍ വന്നയാള്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെര്‍ള സ്വദേശി 62കാരന്‍ ആലിക്കുഞ്ഞിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാളെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. പൈപ്പ് നന്നാക്കാന്‍ ആലിക്കുഞ്ഞി എത്തിയപ്പോൾ പെൺകുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഈ സമയത്തായിരുന്നു പീഡനശ്രമം.
Read more: കൊട്ടാരക്കരയിൽ കെഎസ്ആടിസി ബസിൽ മോഷണം: തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ
അതേസമയം, മലപ്പുറം ജില്ലയിലെ കാവനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബംഗാള്‍ സ്വദേശിയായ മഹീന്ദ്രനെയാണ് (27) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കാവനൂരില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന അസം സ്വദേശിയായ പതിനഞ്ചുകാരിയെ ആഗസ്റ്റ് 26നാണ് വീട്ടില്‍ നിന്നും കാണാതായത്.
കുട്ടിയെ കാണാതായതിന് പിന്നാലെ കുടുംബം അരീക്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എറണാകുളത്ത് നിന്നും പ്രതിയോടൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇരുവരും എറണാകുളത്തുണ്ടെന്ന് മനസിലാക്കിയ അരീക്കോട് പൊലീസ് എറണാംകുളത്തെത്തി ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കിയാണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയതെന്ന് പൊലീസ് കണ്ടെത്തി.
കൊച്ചിയിലേക്കുള്ള യാത്രക്കിടയില്‍ പലയിടത്ത് താമസിച്ച് യുവാവ് പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പിടിയിലായ പ്രതി മഹീന്ദ്രന് നാട്ടില്‍ ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കി മഹീന്ദ്രനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അരീക്കോട് എസ്. എച്ച്. ഒ എം. അബ്ബാസ് അലിയുടെ നേതൃത്വത്തില്‍ അഡീഷനല്‍ എസ്. ഐ അമ്മദ്, എ. എസ്. ഐ കബീര്‍, ജയസുധ, സജീര്‍, സ്വയംപ്രഭ, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.