'മെഡിക്കല്‍ ബില്ലടയ്ക്കാന്‍ 50 ലക്ഷം വേണം'; വ്യാജ ബോംബുമായി ബാങ്കിലെത്തി ഭീഷണി, യുവാവ് പിടിയില്‍

By Web TeamFirst Published Jun 6, 2021, 12:52 PM IST
Highlights

ബാങ്ക് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വ്യാജ ബോംബുമായെത്തിയ യുവാവിനെ കയ്യോടെ പിടി കൂടി. 
 

മുംബൈ: മഹാരാഷ്ട്രയിലെ വാർധയില്‍ പ്രമുഖ ബാങ്കിന്‍റെ ബ്രാഞ്ചിലെത്തി വ്യാജ ബോബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  കഴിഞ്ഞ ദിവസമാണ് ബാങ്കിലെത്തിയ യോഗേഷ് കുബാഡെ എന്ന യുവാവ് ബോംബ് ഭീഷണി മുഴക്കിയത്. 'പതിനഞ്ച് മിനിറ്റിനുള്ളില്‍ 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ബാങ്ക് ബോംബിട്ട് തകര്‍ക്കും എന്ന പ്ലക്കാര്‍ഡുമായാണ് യോഗേഷ് എത്തിയത്.

തന്‍റെ മാതാവിന്‍റെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാണ് ഇങ്ങനൊരു മാര്‍ഗ്ഗം സ്വീകരിച്ചതെന്നാണ് യോഗേഷ് പറയുന്നത്. 
എന്നാല്‍ ബാങ്കിന് തൊട്ടുമുന്നിലായിരുന്നു പൊലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്തിരുന്നത്. ബാങ്ക് ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വ്യാജ ബോംബുമായെത്തിയ യുവാവിനെ കയ്യോടെ പിടി കൂടി. 

ഡിജിറ്റല്‍ വാച്ച്, പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിറച്ച ആറോളം പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ചായിരുന്നു യുവാവ് വ്യാജ ബോംബ് നിര്‍മ്മിച്ചത്. ഇയാളില്‍ നിന്ന് പൊലീസ് കഠാരയും എയര്‍ ഗണ്ണും കണ്ടെടുത്തിട്ടുണ്ട്. ഓണ്‍ലൈനിലൂടെയാണ് പ്രതി ബോംബ് നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് സേവാഗ്രാം പൊലീസ്   സബ് ഇൻസ്പെക്ടർ ഗണേഷ് സയ്ക്കർ  പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!