
ചണ്ഡീഗഡ്: വനിതാ ഹോസ്റ്റലിലെ അറുപതിലധികം പേരുടെ ശുചിമുറി ദൃശ്യങ്ങളടക്കം ചോര്‍ത്തിയെന്നുള്ള ആരോപണത്തില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ പെൺകുട്ടികൾ ഒന്നടങ്കം ഞെട്ടിനിൽക്കുകയാണ്. പെണ്‍കുട്ടികളുടെ ശുചിമുറിയിൽ കയറിയപ്പോഴുള്ള ദൃശ്യങ്ങൾ അതേ ഹോസ്റ്റലിലെ തന്നെ മറ്റൊരു പെൺകുട്ടി ഒളിക്യാമറ വെച്ച് പകർത്തി തന്‍റെ ആൺ സുഹൃത്തിന് അയച്ചെന്ന സംശയമാണ് ആശങ്കക്ക് കാരണം. ആരോപണ വിധേയയായ പെൺകുട്ടിയെ അറസ്റ്റ് ചെയ്തു.
ആ കുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ മാത്രമാണ് ആൺസുഹൃത്തിന് അയച്ചുകൊടുത്തതെന്ന് പൊലീസ് പറയുന്നു. ആൺസുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനിതാ ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥി സഹപാഠികളായ അറുപതിലധികം പേരുടെ ശുചിമുറി ദൃശ്യങ്ങളടക്കം പകർത്തി സുഹൃത്തിന് അയച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി. പരാതി നല്‍കിയിട്ടും സർവകലാശാല അധികൃതർ അവഗണിച്ചു. നൂറു കണക്കിന് വിദ്യാർത്ഥികൾ ഇതോടെ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുകയായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ വിദ്യാർത്ഥികളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ആരോപണം നേരിട്ട ഹോസ്റ്റലിലെ വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തു.
എന്നാല്‍, മൊബൈലില്‍ വിദ്യാർത്ഥിനിയുടെ സ്വന്തം ദൃശ്യങ്ങൾ മാത്രമാണ് കണ്ടെത്താനായത്. പിന്നീട് മൊഹാലി എസ്പി മാധ്യമങ്ങളെ കണ്ട് അറസ്റ്റിലായ വിദ്യാർത്ഥിനി മറ്റാരുടെയും ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. പിന്നാലെ സർവകലാശാലയും വിദ്യാർത്ഥിനികളുടെ പരാതികൾ അടിസ്ഥാന രഹിതമാണെന്ന് അറിയിച്ചു. ഇതോടെയാണ് വിദ്യാർത്ഥികൾ വീണ്ടും പ്രകോപിതരായി പ്രതിഷേധത്തിനിറങ്ങിയത്. അറസ്റ്റിലായ വിദ്യാർത്ഥിനിയുടെ സുഹൃത്തായ ഷിംല സ്വദേശിയെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും, വിദ്യാർത്ഥിനിയുടെ മൊബൈല്‍ ഫോൺ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പിന്നീട് പഞ്ചാബ് ഐജി അറിയിച്ചു.
സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഉത്തരവിട്ടിട്ടുണ്ട്. അതേസമയം വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി നിരവധി നേതാക്കളും ചലച്ചിത്രതാരങ്ങളും രംഗത്തെത്തി. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തേക്ക് സർവകലാശാല അവധി പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam