
ചെന്നൈ: നിധി കിട്ടിയെന്ന വ്യാജേന മുക്കുപണ്ടം നൽകി വ്യാപാരികളിൽ നിന്നും വൻ തുക തട്ടിയെടുത്ത മൈസൂർ സ്വദേശികൾ തമിഴ്നാട്ടിൽ അറസ്റ്റിലായി. മയിലാടുതുറ ജില്ലയിലെ നിരവധി വ്യാപാരികളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഇവർ കവർന്നത്. ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ വിവിധ വ്യാപാരികളിൽ നിന്നായി ഇവർ ഇങ്ങനെ തട്ടിച്ചു. മാലകൾ ഉരുക്കി സ്വർണമാക്കാൻ ശ്രമിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടവർക്ക് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് മയിലാടുതുറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് പ്രതികളെ പിടികൂടാനായത്.
സംഭവം ഇങ്ങനെ
നിധി കിട്ടിയെന്ന് കാട്ടിയാണ് തട്ടിപ്പുകാർ മയിലാടുതുറയിലെ ചെറുകിട വ്യാപാരികളെ സമീപിച്ചത്. കർണാടക മൈസൂർ സ്വദേശികളായ ദേവ, രാജീവ് എന്നിവരെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. തനിതങ്കത്തിൽ നിർമ്മിച്ച മുത്തുമണി മാലകൾ വിൽക്കാനുണ്ടെന്ന് കാട്ടി വ്യാപാരികളെ ബന്ധപ്പെടും. നിധി കിട്ടിയതാണെന്ന് വിശ്വസിപ്പിച്ച് നിരവധി സ്വർണ മാലകൾ ആദ്യം കാട്ടിക്കൊടുക്കും. സ്വർണമാണെന്ന് വിശ്വസിപ്പിക്കാൻ വ്യാപാരികൾ പറയുന്ന മുത്തുകൾ തന്നെ മാറ്റുരച്ച് കാണിക്കും. സംസാരത്തിനിടെ ശ്രദ്ധ തെറ്റിച്ച് മാലയിലുള്ള ഒന്നോ രണ്ടോ സ്വർണമുത്തുകളാകും ഇങ്ങനെ പരിശോധിച്ച് കാണിക്കുക.
പിന്നീട് വിപണിവിലയേക്കാൾ വളരെ കുറഞ്ഞ തുകയ്ക്ക് സ്വർണം വിൽക്കാൻ തയ്യാറാണെന്നറിയിക്കും. വീട്ടിലെ അത്യാവശ്യ ചികിത്സാച്ചെലവുകൾക്കായാണ് വില കുറച്ചുവിൽക്കുന്നതെന്നടക്കം പറഞ്ഞ് വിശ്വാസം സമ്പാദിക്കും. വൻ ലാഭം മുന്നിൽക്കണ്ട് കെണിയിൽ വീണ വ്യാപാരികൾ ലക്ഷങ്ങൾ നൽകി മാലകൾ സ്വന്തമാക്കുകയായിരുന്നു. ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ വിവിധ വ്യാപാരികളിൽ നിന്നായി ഇവർ ഇങ്ങനെ തട്ടിച്ചു. മാലകൾ ഉരുക്കി സ്വർണമാക്കാൻ ശ്രമിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടവർക്ക് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് മയിലാടുതുറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്റ്റേഷനിൽ നിന്ന് പ്രതികളെ പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കി രണ്ടുപേരെയും റിമാൻഡ് ചെയ്തു.