
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ജയിലിൽ നിന്നിറങ്ങിയ മധ്യവയസ്കനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് ആൾക്കൂട്ടം മർദ്ദിച്ചെന്ന് പരാതി. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. പെരുമ്പള്ളി സ്വദേശി കുഞ്ഞിമൊയ്തീനാണ് മര്‍ദനമേറ്റത്.
സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ റിമാൻഡിൽ ആയിരുന്നു കുഞ്ഞിമൊയ്തീൻ. കഴിഞ്ഞ ദിവസമാണ് ഇയാൾ ജാമ്യം കിട്ടി ജയിലിൽ നിന്നും പുറത്തിറങ്ങിയത്. കട്ടിപ്പാറയിലെ ബന്ധു വീട്ടിലായിരുന്ന കുഞ്ഞുമൊയ്തീനെ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ള അഞ്ചുപേർ ജീപ്പിൽ കയറ്റി കൊണ്ടു പോയി വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു എന്നാണ് പരാതി.
പോസ്റ്റിൽ കെട്ടിയിട്ട ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കുഞ്ഞിമൊയ്തീനെതിരെ നേരത്തെ പരാതി നൽകിയ യുവതിയുടെ അടുത്ത ബന്ധുക്കളാണ് മർദ്ദിച്ചത്. അബ്ദുറഹ്മാന്‍, അനസ് റഹ്മാന്‍, ഉബൈദ്, പൊന്നൂട്ടന്‍, ഷാമില്‍ എന്നിവർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. ഇവർ ഒളിവിൽ ആണെന്നാണ് സൂചന. ആൾക്കൂട്ട മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ചിലർ പകർത്തിയെന്ന് സൂചനയുണ്ട്. ഇക്കാര്യം പൊലീസ് പരിശോധിക്കുകയാണ്. പരിക്കേറ്റ കുഞ്ഞിമുദിൻ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam