
ഖാർഗോൺ: ഇഷ്ടപ്പെട്ട ചീരക്കറിയുണ്ടാക്കിയില്ല. രണ്ട് മക്കളുടെ അമ്മയും ഗർഭിണിയുമായ ഭാര്യയെ കോടാലിക്ക് വെട്ടിക്കൊന്ന് യുവാവ്. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ ജമർദ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഷീല ഭായി എന്ന 25കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷീലയുടെ ഭർത്താവ് സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം സുനിൽ ചീര വാങ്ങി വന്നിരുന്നു. എന്നാൽ മറ്റ് കറികളുണ്ടായിരുന്നതിനാൽ ഷീല ചീര അത്താഴത്തിന് കറിവച്ചിരുന്നില്ല. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ചീരക്കറി വേണമെന്ന് സുനിൽ ആവശ്യപ്പെട്ടു. ഭക്ഷണം തയ്യാറാണെന്നും ചീരക്കറി പിന്നീട് ഉണ്ടാക്കാമെന്നും ഷീല പറഞ്ഞതോടെ സുനിൽ പ്രകോപിതനാവുകയായിരുന്നു. ഇതോടെ ഷീലയെ വീടിന് പിന്നിലുള്ള പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കോടാലി കൊണ്ട് കഴുത്തിൽ രണ്ടുതവണ വെട്ടുകയായിരുന്നു. ഷീല തൽക്ഷണം മരിച്ചു. ചൈൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.സുനിലിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അന്ന് വൈകുന്നേരം തന്നെ ഇയാളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സംഭവം നടക്കുമ്പോൾ സുനിലിന്റെ അമ്മയും ഇളയ സഹോദരനും വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുനിൽ ഒരു ബന്ധുവീട്ടിലെത്തി നടന്ന കാര്യങ്ങൾ വിവരിച്ചു. ഇവരാണ് പൊലീസിനെ വിളിക്കുന്നത്. മഹാരാഷ്ട്രയിൽ കൂലിപ്പണിക്കാരായിരുന്ന ദമ്പതികൾ അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇവർക്ക് മൂന്നും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. വിവരമറിഞ്ഞ് ഷീലയുടെ വീട്ടുകാർ ഗ്രാമത്തിലെത്തി. പ്രതിയെ തങ്ങൾക്ക് വിട്ടുനൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇതോടെ ഗ്രാമത്തിൽ സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിക്കേണ്ടതായി വന്നിരുന്നു. കനത്ത സുരക്ഷയിലായിരുന്നു പോസ്റ്റ്‌മോർട്ടവും സംസ്കാര ചടങ്ങുകളും നടന്നത്. രണ്ട് കുടുംബങ്ങളും തമ്മിൽ നല്ല ബന്ധത്തിലായിരുന്നുവെന്നും ഇവർക്കിടയിൽ മുൻപും വിവാഹങ്ങൾ നടന്നിട്ടുണ്ടെന്നും അധികൃതർ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam