
കൊല്ലം: പുതുവർഷത്തിൽ ഞെട്ടിക്കുന്ന കൊടു ക്രൂരതകളുടെ വാർത്തകളാണ് നമ്മെ തേടിയെത്തിയത്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കടക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27)ആണ് മരിച്ചത്. ഭർത്താവ് തലയ്കക്ക് വെട്ടിയാണ് ഇവരെ കൊലപ്പെടുത്തിയത്. ജിൻസിയുടെ ഭർത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് വയസുകാരനായ മകൻ നോക്കിനിൽക്കെയാണ് ജിൻസിയെ ദീപു കൊലപ്പെടുത്തിയത്.
വൈകിട്ട് ജോലി കഴിഞ്ഞ് കോട്ടപ്പുറത്തെ വീട്ടിൽ ജീൻസിയെത്തുമ്പോൾ ഭർത്താവ് ദീപു വീട്ടിലുണ്ടായിരുന്നു. ഒരു മാസമായി അകന്നു കഴിയുന്ന ദീപുവും ജിൻസിയും തമ്മിൽ വീണ്ടും വാക്കു തർക്കമുണ്ടായി. പ്രകോപിതനായ ദീപു വെട്ടുകത്തി കൊണ്ട് ജിൻസിയെ തലയിൽ വെട്ടി. തടസം പിടിക്കാൻ ശ്രമിച്ച ഏഴു വയസുകാരൻ മകനെ ദീപു എടുത്തെറിഞ്ഞു. പേടിച്ചോടിയ കുട്ടി നാട്ടുകാരെ വിളിച്ചു കൊണ്ടു വന്നാണ് പരുക്കേറ്റു കിടന്ന ജിൻസിയെ ആശുപത്രിയിൽ എത്തിച്ചത്.
പക്ഷേ ജീവൻ രക്ഷിക്കാനായില്ല. ഭാര്യയോടുളള സംശയത്തിന്റെ പേരിലാണ് ദീപു നിരന്തരം വഴക്ക് ഉണ്ടാക്കിയിരുന്നത്. ഏഴു വയസുകാരൻ മകനു പുറമേ അഞ്ചു വയസുള്ള മകളും ദീപു ജിൻസി ദമ്പതികൾക്കുണ്ട്. സംഭവം നടക്കുമ്പോൾ ദീപുവിന്റെ വീട്ടിലായിരുന്നു ഇളയ കുട്ടി. കടയ്ക്കൽ കോട്ടപ്പുറം മേടയിൽ സ്വദേശിനിയാണ് കൊല്ലപ്പെട്ട ജിൻസി. പാരിപ്പള്ളിയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്നു ജിൻസി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam