
ആലപ്പുഴ: ക്ഷേത്രത്തിലെ പൂജാരിയെ മൺവെട്ടി കൊണ്ട് അടിച്ചു വീഴ്ത്തി അഞ്ചര പവൻ സ്വർണമാല കവർന്ന കൊലക്കേസ് പ്രതി മൂന്ന് മണിക്കൂറിൽ പിടിയിലായി. ആര്യാട് തെക്ക് ചെമ്പത്തറ പടിഞ്ഞാറെ പുളിക്കീഴ് അജിത് (48) ആണ് നോർത്ത് പൊലീസിന്റെ പിടിയിലായത്. ചെമ്പത്തറ ക്ഷേത്രത്തിലെ പൂജാരിയായ കഞ്ഞിക്കുഴി കിഴക്കേ വേലിക്കകത്ത് രജികുമാർ ഇന്നലെ രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവം. ക്ഷേത്ര പരിസരത്തു പതുങ്ങിയിരുന്ന അജിത്ത് ചാടിവീണ് രജികുമാറുമായി വാക്കേറ്റമുണ്ടായി. തുടർന്ന് മൺവെട്ടി കൊണ്ട് പൂജാരിയെ അടിച്ചുവീഴ്ത്തി മാല തട്ടിയെടുത്തെന്നാണ് കേസ്.
മോഷണം നടത്തി മുങ്ങിയയ പ്രതിയെ എട്ടരയോടെ ആലിശേരി ഭാഗത്തെ വാടക വീട്ടിൽനിന്നാണു പിടികൂടിയത്. മാല പൊട്ടിക്കാനായി പ്രതി ബോധപൂർവം രജികുമാറുമായി തർക്കമുണ്ടാക്കിയതാണെന്ന് പൊലീസ് പറഞ്ഞു. 1991ൽ അവലൂക്കുന്ന് സ്വദേശി പത്മാക്ഷിയെ കൊലപ്പെടുത്തി സ്വർണമാല കവർന്ന കേസിൽ ശിക്ഷയ്ക്കിടെ പരോളിലിറങ്ങി മുങ്ങിയതാണ് അജിത്ത്. പ്രതിയുടെ കുടുംബ വീടിനടുത്താണു ക്ഷേത്രം. ഇവിടെനിന്നു നേരത്തെ ഉരുളിയും മറ്റും മോഷണം പോയിരുന്നു. അതിനു പിന്നിൽ താനും കൂട്ടാളികളുമാണെന്നു രജികുമാർ പ്രചരിപ്പിച്ചെന്ന് ആരോപിച്ചും അതിനെ ചോദ്യം ചെയ്തുമാണു പ്രതി ആക്രമണത്തിനുള്ള സാഹചര്യമുണ്ടാക്കിയത്.
ക്ഷേത്രപരിസരത്തുണ്ടായിരുന്ന മൺവെട്ടി കൊണ്ട് രജികുമാറിനെ ഒരു തവണ അടിക്കുകയും വീണ്ടും അടിക്കാനോങ്ങുകയും ചെയ്ത്, മാല പൊട്ടിക്കുകയായിരുന്നു. പ്രതിയെ രജികുമാർ തിരിച്ചറിഞ്ഞത് അന്വേഷണം എളുപ്പമാക്കി. പരോളിലിറങ്ങി 4 മാസം മുൻപു മുങ്ങിയ പ്രതി പലയിടത്തായി താമസിച്ചിരുന്നതായി പൊലീസിനു വിവരം കിട്ടി. അവിടെയെല്ലാം അന്വേഷിച്ചപ്പോഴാണ് ഒന്നര മാസമായി ഇയാൾ ആലിശേരിയിൽ രഹസ്യമായി താമസിക്കുന്നെന്ന് അറിഞ്ഞത്.
പൊലീസ് അവിടെയെത്തിയപ്പോൾ ഭാര്യയോടൊപ്പം പുറത്തുപോകാൻ ഒരുങ്ങുകയായിരുന്നു അജിത്ത്. പൊലീസിനെ കണ്ട് രണ്ടു വീടിന്റെ മതിൽ ചാടി ഓടിയെങ്കിലും പൊലീസ് പിന്തുടർന്നു പിടികൂടി. സ്വർണമാല പ്രതിയിൽനിന്നു കണ്ടെടുത്തു. എസ്ഐമാരായ പ്രദീപ്, സാനു, സിപിഒമാരായ സുജിത്ത്, സുഭാഷ്, ഷഫീഖ്, ജിനോ എന്നിവരാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read More : 'എസ്ഐയാണ്, പെണ്ണ് കേസിൽ അകത്താക്കും'; 72 കാരനെ ഭീഷണിപ്പെടുത്തി വ്യാജൻ തട്ടിയത് 25 ലക്ഷം, വീടുവിട്ട് വയോധികൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam