എസ്ഡിപിഐ പ്രവ‍ർത്തകന്റെ കൊലപാതകം: പ്രതികൾ പൊലീസ് എത്തുന്നതിന് മുമ്പ് രഹസ്യസങ്കേതത്തിൽ നിന്ന് രക്ഷപ്പെട്ടു

By Web TeamFirst Published Sep 27, 2020, 7:19 AM IST
Highlights

കണ്ണൂരിൽ എസ്ഡിപിഐ പ്രവ‍ർത്തകൻ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രഹസ്യ സങ്കേതത്തിൽ നിന്ന് രക്ഷപ്പെട്ടു. വയനാട്ടിലാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്. 

കൽപ്പറ്റ: കണ്ണൂരിൽ എസ്ഡിപിഐ പ്രവ‍ർത്തകൻ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് രഹസ്യ സങ്കേതത്തിൽ നിന്ന് രക്ഷപ്പെട്ടു. വയനാട്ടിലാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്. 

പൊലീസ് എത്തുന്നതായി വിവരം കിട്ടിയാണ് കഴിഞ്ഞ ദിവസം രാത്രി ഇവർ രക്ഷപ്പെട്ടത്. കൂത്തുപറമ്പ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രണ്ട് ദിവസമായി ഈ മേഖലയിൽ താമസിച്ച് പ്രതികൾ തങ്ങുന്ന സ്ഥലം മനസ്സിലാക്കി സ്വകാര്യ വാഹനത്തിലെത്തുകയായിരുന്നു.

കേസിൽ നി‍ർണായക സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പൊലീസിന് കിട്ടിയിരുന്നു. സംഭവം നടന്ന സ്ഥലത്തിന് അടുത്തുള്ള വീടുകളിൽ നിന്നാണ് ദൃശ്യങ്ങൾ കിട്ടിയത്. അതേസമയം തന്നെ കൊലപാതകത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നേരത്തെ പൊലീസ് മുൻകൈയ്യെടുത്ത് സ്ഥാപിച്ച ക്യാമറകളിൽ നിന്ന് കിട്ടിയ ദൃശ്യങ്ങൾക്ക് പുറമെയുള്ളതാണ് ഇപ്പോഴത്തേത്. എല്ലാ ദൃശ്യങ്ങളും പരിശോധിച്ച പൊലീസിന് പ്രതികളെ കുറിച്ചും , കൊലപാതകരീതിയെ കുറിച്ചും കൃത്യമായ വിവരം കിട്ടിയെന്നാണ് സൂചന. 

സലാഹുദ്ദീന്‍റെ കാറിൽ ഇടിച്ച ബൈക്കും, മറ്റ് പ്രതികൾ സഞ്ചരിച്ച കാറും കൂത്തുപറമ്പ് ഭാഗത്ത് നിന്നാണ് വന്നതെന്ന് മനസ്സിലായി. ഒഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ബൈക്ക് ഇടിപ്പിച്ചു, സലാഹുദ്ദീൻ കാർ നിർത്തി പുറത്തിറങ്ങി. കുറച്ച് പേർ ഓടിക്കൂടുന്നത് കണ്ട് മറ്റ് പ്രതികൾ വന്ന കാർ നിർത്താതെ മുന്നോട്ട് പോയി. 

കൊല നടത്തണോ എന്ന ആശയക്കുഴപ്പം ഇവർക്കുണ്ടായി. പുഴക്കരയിൽ ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതികളാണ് ഓടിയെത്തിയതെന്ന് മനസ്സിലായതോടെ കാർ തിരികെ സംഭവസ്ഥലത്തെത്തി. കൃത്യം നടത്തി മടങ്ങി. കാറിനെ പിന്തുടർന്ന ബൈക്ക് ഒരു വീടിനുമുന്നിൽ നിർത്തുന്നതും, അവിടുന്ന് ഒരാൾകൂടി കയറുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

click me!