തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ ഏഴ് പേരുടെ മരണത്തിൽ ദുരൂഹത? അന്വേഷണം വേണമെന്ന് ബന്ധു

Published : Oct 26, 2019, 12:27 PM IST
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ ഏഴ് പേരുടെ മരണത്തിൽ ദുരൂഹത? അന്വേഷണം വേണമെന്ന് ബന്ധു

Synopsis

ഈ വീട്ടിൽ അവസാനമുണ്ടായ രണ്ട് മരണങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധു പരാതി നൽകിയതിനെത്തുടർന്ന് കേസെടുത്ത് അന്വേഷണം തിരുവനന്തപുരം അസിസ്റ്റന്‍റ് കമ്മീഷണർക്ക് കൈമാറി. 

കരമന: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 7 പേരുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി. കരമന സ്വദേശി ജയമാധവന്റെയും കുടുംബാംഗങ്ങളുടെയും മരണത്തെക്കുറിച്ചാണ് പരാതി. മരണത്തിന് ശേഷം വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തെന്നാണ് ബന്ധുവിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധു പരാതി നൽകിയതിനെത്തുടർന്ന് കേസെടുത്ത് അന്വേഷണം തിരുവനന്തപുരം അസിസ്റ്റന്‍റ് കമ്മീഷണർക്ക് കൈമാറി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്‍റയും വ്യക്തമാക്കി.

ഈ വീട്ടിൽ അവസാനമുണ്ടായ രണ്ട് മരണങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ബന്ധുക്കളാരും ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.  

കഴിഞ്ഞ ഇരുപത് വർഷത്തിനിടയിലാണ് കരമനയിലെ കൂടം എന്നറിയപ്പെടുന്ന ഉമാനഗരം തറവാട്ടിലെ ഏഴ് പേർ മരിച്ചത്. ഗോപിനാഥൻ നായരും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളായ ആറ് പേരുമാണ് മരിച്ചത്. ഇവിടെ അവസാനം നടന്ന രണ്ട് മരണങ്ങളിലാണ് പ്രധാനമായും നാട്ടുകാർ ദുരൂഹത ആരോപിക്കുന്നത്. 

ഗോപിനാഥൻനായരുടെ മകനായ ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ചേട്ടന്‍റെ മകനായ ജയമാധവൻ എന്നീ രണ്ട് മരണങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടുപേരും അവിവാഹിതരാണ്. ഉമാനഗരം എന്ന തറവാട്ടു വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അടുത്തടുത്ത വർഷങ്ങളിലാണ് ഇവർ മരിച്ചത്. കട്ടിലിൽ നിന്ന് വീണോ, കട്ടിലിൽ തലയിടിച്ചോ ആണ് ഇവർ മരിച്ചതെന്നാണ് ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചിരുന്നത്. എന്നാൽ ഇത് രണ്ടും കൊലപാതകമാണെന്നാണ് നാട്ടുകാർ പറയുന്നത്.

2017-ലാണ് ജയമാധവൻ മരിക്കുന്നത്. ഇതിന് മുമ്പാണ് ജയപ്രകാശിന്‍റെ മരണം. ജയമാധവന്‍റെ മരണത്തിന് ശേഷം ഇവരുടെ പേരിലുള്ള സ്വത്തുക്കൾ ഒരു ട്രസ്റ്റ് രൂപീകരിച്ച് ബന്ധുക്കളല്ലാത്തവരുടേതുൾപ്പടെ പേരിലാക്കി എന്നാണ് ആരോപണം. കാര്യസ്ഥനായ രവീന്ദ്രൻ നായരും ചില ആശ്രിതരുടെയും ബന്ധുക്കളെന്ന് അവകാശപ്പെട്ട് എത്തിയ ചിലരുടെയും പേരിലേക്ക് ഈ വീടും സ്വത്തുക്കളും മാറ്റിയെന്നാണ് ആരോപണം. വ്യാജ വിൽപത്രം തയ്യാറാക്കിയാണ് സ്വത്ത് മാറ്റിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 

ഈ കുടുംബത്തിന്‍റെ ബന്ധുവായ പ്രസന്നകുമാരി, പൊതുപ്രവർത്തകനായ അനിൽകുമാർ എന്നിവരാണ് ഈ മരണങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. ഇതിന് ശേഷം ഡിജിപിയുടെ ഓഫീസിന് ഈ പരാതി കൈമാറി. തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമികാന്വേഷണത്തിൽ സ്വത്ത് കൈമാറിയതിൽ ദുരൂഹതയുണ്ടെന്ന് തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടാണ് അന്വേഷണം തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. 

നിലവിൽ ജയമാധവന്‍റെയും ജയപ്രകാശിന്‍റെയും മരണത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം