
തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊല കേസിൽ ഇന്ന് കുറ്റപത്രം വായിക്കും. വിചാരണ നേരിടാനുള്ള മാനസിക പ്രാപ്തി മുഖ്യപ്രതി കേഡൽ ജിൻസൺ രാജയക്ക് ഉണ്ടെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്നാണ് കുറ്റപത്രം വായിക്കാൻ കോടതി നിശ്ചയിച്ചത്. ഇതു സംബന്ധിച്ച ആരോഗ്യ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. തിരുവനന്തപുരം അഡീ. സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേഡലിനെതിരേ ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2017 ഏപ്രിൽ എട്ടിനാണ് നാടിനെ നടുക്കിയ കൊലപാതകങ്ങൾ നടന്നത്. മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും പ്രതി കേഡൽ ജിൻസൺ രാജ ദാരുണമായി കൊല്ലപ്പെടുത്തുകയായിരുന്നു.
ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. കേഡൽ ജിൻസൻ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങൾ കത്തിച്ചതാകാമെന്നാണു പൊലീസ് പറയുന്നത്. ആത്മാവ് ശരീരത്തിൽനിന്ന് വേർപിരിയ്ക്കുന്ന ആസ്ട്രൽ പ്രോജക്ഷന്റെ ഭാഗമായാണ് താൻ ഈ കൊലപാതകങ്ങൾ ചെയ്തത് എന്നായിരുന്നു കേഡൽ പൊലീസിനോട് പറഞ്ഞിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam