Latest Videos

വ്യാജ ബ്രൗൺ ഷുഗർ, തോക്ക്, പൊലീസ് വേഷം: 8 വർഷമായി വിചാരണ തുടങ്ങിയില്ല, ഷീല കേസിലെ നാരായണദാസ് സർവ സ്വതന്ത്രൻ

By Kiran GangadharanFirst Published Feb 7, 2024, 11:40 AM IST
Highlights

ൾമാറാട്ടവും സാമ്പത്തിക തട്ടിപ്പും അടക്കം കേസുകളിൽ പ്രതിയായ ആൾ സർവ സ്വതന്ത്രനായി വിഹരിക്കുന്നത്, കൂടുതൽ ഇരകളെ സൃഷ്ടിക്കുകയാണെന്ന് നാരായണ ദാസിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസിലെ പരാതിക്കാരൻ അസ്‌ലം ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓൺലൈനിനോട് പറഞ്ഞു.

കൊച്ചി: ഷീല സണ്ണിയെ വ്യാജ എൽഎസ്ഡി കേസിൽ കുടുക്കിയ കേസിലെ പ്രതി നാരായണ ദാസ്, 2015 ൽ  വ്യാജ ബ്രൗൺ ഷുഗർ കാറിൽ വെച്ച് 2 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ പിടിയിലായിരുന്നു. ഈ കേസിൽ പ്രതി അറസ്റ്റിലായി എട്ട് വർഷത്തോളം  കഴിഞ്ഞിട്ടും ഇപ്പോഴും വിചാരണ തുടങ്ങിയിട്ടില്ല. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ് കേസുള്ളത്. ആയുധം കൈവശം വെച്ചതിനും ആൾമാറാട്ടം നടത്തിയതിനും അടക്കം ഗുരുതര വകുപ്പുകൾ ചുമത്തിയാണ് നാരായണ ദാസിനെതിരെ കേസുള്ളത്.

 2015 ഒക്ടോബർ 9നാണ് തൃപ്പൂണിത്തുറ പൊലീസ് നാരായണദാസിനെ ഈ കേസിൽ അറസ്റ്റ് ചെയ്തത്. അന്ന് ഇയാൾ അടക്കം 5 പേരെയാണ് സിഐ ആയിരുന്ന ബിജു പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. തൃപ്പൂണിത്തുറയിലെ ബിസിനസുകാരനായ അജയഘോഷിന്റെ ആഡംബര കാറിൽ വ്യാജ ബ്രൗൺഷുഗർ വച്ച്  കർണാടക പൊലീസ് എന്ന വ്യാജേന രണ്ടുകോടി രൂപ ഭീഷണിപ്പെടുത്തി തട്ടാൻ ശ്രമിച്ചു എന്നതാണ് കേസ്. സംഭവത്തിൽ 2017 ലാണ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ലാത്ത ഈ കേസ് അടുത്ത മാർച്ച് ഒന്നിനാണ് തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കുന്നത്.

ഐപിസി 120 ബി, 420, 465, 468, 471, 384, 388, 389, 170, 171, 34 എന്നീ വകുപ്പുകൾക്ക് പുറമേ  ആയുധ നിയമം 1959 ലെ 27 വകുപ്പ് പ്രകാരവുമാണ് ഈ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ ആണ് കേസ്. 2018 നവംബർ 8 ന് ആണ് കേസ് ആദ്യമായി കോടതി പരിഗണിച്ചത്. ഇനി 2024 മാർച്ച് മാസം ഒന്നിന് കോടതി ഈ കേസ് വീണ്ടും പരിഗണിക്കും. കേസിൽ ഒന്നാംപ്രതിയാണ് നാരായണദാസ്. സായി ശങ്കർ, മയൂഖി, ദിപിൻ ടിബി, സമീർ, കെവി സുധീർ, ബാലു എന്നറിയപ്പെടുന്ന എം എൻ ബാലകൃഷ്ണൻ, സഞ്ജു എന്ന പേരിൽ അറിയപ്പെടുന്ന സെബാസ്റ്റ്യൻ, ദിലീപ് എന്നിവരാണ് കേസിൽ രണ്ടു മുതൽ 9 വരെ പ്രതികൾ.

2016 ൽ പിറവം പൊലീസ് രജിസ്റ്റർ ചെയ്ത കാർ മോഷണ കേസിൽ നാലാം പ്രതിയായിരുന്നു നാരായണ ദാസ്. ഈ കേസിൽ ഇയാൾ അടക്കം എല്ലാ പ്രതികളെയും പിറവം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2019 ൽ  ശിക്ഷിച്ചിരുന്നു. വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ ജില്ലാ കോടതിയുടെ പരിഗണനയിലാണ്. ആൾമാറാട്ടവും സാമ്പത്തിക തട്ടിപ്പും അടക്കം കേസുകളിൽ പ്രതിയായ ആൾ സർവ സ്വതന്ത്രനായി വിഹരിക്കുന്നത്, കൂടുതൽ ഇരകളെ സൃഷ്ടിക്കുകയാണെന്ന് നാരായണ ദാസിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസിലെ പരാതിക്കാരൻ അസ്‌ലം ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓൺലൈനിനോട് പറഞ്ഞു.

2021 ൽ ചെന്നൈ വിമാനത്താവളത്തിൽ എക്സൈസ് സംഘം പിടികൂടിയ സ്വർണം കുറഞ്ഞ വിലക്ക് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 28 ലക്ഷം രൂപയാണ് നാരായണ ദാസും സംഘവും എറണാകുളം വാഴക്കാല സ്വദേശിയായ അസ്ലമിന്റെ പക്കൽ നിന്നും തട്ടിയത്. ഷീലാ സണ്ണിയെ വ്യാജ കേസിൽ കുടുക്കിയ സംഭവത്തിൽ ക്രൈം ബ്രാഞ്ച് പ്രതിചേർത്തതോടെ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നാരായണ ദാസ്. ഈ കേസ് ഇന്നലെ പരിഗണിച്ച കോടതി സർക്കാരിന്റെ മറുപടി തേടി കേസ് മാറ്റിവെച്ചിരിക്കുകയാണ്.'

Read More : ഇരുമ്പ് വടികൊണ്ട് ഭർത്താവ് ഒറ്റയടി, രേഷ്മയുടെ തലയോട്ടി തകർന്നു; ഇനിയും ലക്ഷങ്ങൾ വേണം, സുമനസുകളുടെ സഹായം വേണം

click me!