
പീരുമേട്: രാജ്‍കുമാറിന്‍റെ കസ്റ്റഡി മരണത്തിൽ പീരുമേട് ജയിലധികൃതർക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ജയിൽ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവം അന്വേഷിക്കുമെന്നും, വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി മരണത്തിൽ പൊലീസ് കംപ്ലെയ്‍ന്‍റ്സ് അതോറിറ്റിയും അന്വേഷണം തുടങ്ങി.
പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് രാജ്‍കുമാർ മരിച്ചത്. പൊലീസ് സ്റ്റേഷന് പുറമേ ജയിലിലും രാജ്‍കുമാറിന് മർദ്ദനമേറ്റെന്നും ചികിത്സ കിട്ടിയില്ലെന്നുമുള്ള ആരോപണമുയർന്ന സാഹചര്യത്തിലാണ് ജയിൽ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. രാജ്‍കുമാറിനെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി ജയിലിലെത്തിച്ച ശേഷം എടുത്ത എല്ലാ നടപടിക്രമങ്ങളും രേഖകളും അന്വേഷണസംഘം പരിശോധിക്കും.
ജയിൽ ഉദ്യോഗസ്ഥരെ ഇതിനോടകം അന്വേഷണസംഘം ചോദ്യം ചെയ്തു കഴിഞ്ഞു. രാജ്‍കുമാറിനെ ചികിത്സിച്ച കോട്ടയം മെഡിക്കൽ കോളേജിലെയും പീരുമേട് താലൂക്കിലെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തതാൽ കൃത്യമായ ചികിത്സ പ്രതിക്ക് കിട്ടിയോ എന്ന ചോദ്യത്തിനും ഉത്തരമാകുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.
ഇതിനിടെ പൊലീസ് കംപ്ലെയ്‍ന്‍റ്സ് അതോറിറ്റിയും കസ്റ്റഡി മരണത്തിൽ അന്വേഷണം തുടങ്ങി. പി ടി തോമസ് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കേസിൽ പൊലീസുകാർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്യാമെന്ന് കംപ്ലെയ്ന്‍റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി കെ മോഹനൻ അറിയിച്ചു. ഇടുക്കി എസ്‍പിയുൾപ്പടെയുള്ളവരെ വിളിച്ച് വരുത്തി മൊഴിയെടുക്കേണ്ട സാഹചര്യമുണ്ടായാൽ അത് ചെയ്യും. തെളിവെടുപ്പും വിശദമായ സിറ്റിംഗുകൾക്കും ശേഷം റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് സമർപ്പിക്കുമെന്നും ജസ്റ്റിസ് വി കെ മോഹനൻ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam