
ഇടുക്കി: പീരുമേട് സബ്‍ജയിലിൽ റിമാൻഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്‍കുമാർ മരിച്ച കേസിന്‍റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം. നിലവിലുള്ള അന്വേഷണസംഘത്തെ മാറ്റണമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും രാജ്‍കുമാറിന്‍റെ അളിയൻ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഗുരുതര ആരോപണവുമായി കുടുംബം
രാജ്‍കുമാറിന്‍റെ മരണത്തിൽ ഇപ്പോഴുള്ള അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. കുറ്റക്കാരായ പൊലീസുകാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്താൽപ്പോരാ എന്ന് കുടുംബം പറയുന്നു. സംഭവത്തിൽ പ്രാദേശിക സിപിഎം നേതൃത്വത്തിന്‍റെ ഭീഷണിയും നേരിടുന്നുവെന്നാണ് കുടുംബം പറയുന്നത്. കുറ്റക്കാരായ പൊലീസുകാർക്ക് എതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. സസ്പെൻഷനിൽ നടപടി ഒതുക്കുന്നത് കണ്ണുകെട്ടലാണെന്നും രാജ്‍കുമാറിന്‍റെ അളിയൻ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സംഭവം വിവാദമായതോടെ പ്രാദേശിക സിപിഎം നേതൃത്വം ഇടപെടുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. കുടുംബത്തെ പ്രാദേശിക സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തുകയാണ്. കേസിൽ ഇടപെടരുതെന്ന് ഭാര്യയോടും മകനോടും നേതാക്കൾ ആവശ്യപ്പെട്ടു.
തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ ആരോഗ്യവാനായിരുന്നു രാജ്‍കുമാർ. നടന്നു വന്ന രാജ്‍കുമാർ കസ്റ്റഡിയിൽ വച്ച് മരിക്കുന്നതെങ്ങനെയെന്ന് ബന്ധുക്കൾ ചോദിക്കുന്നു.
രാജ്‍കുമാർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നത് കള്ളമാണ്. മുൻപ് ഒരു അപകടത്തിൽ രാജ്‍കുമാറിന് പരിക്കേറ്റതാണ്. ആ രാജ്‍കുമാറിന് അത്ര വേഗതയിൽ ഓടാനാകില്ലെന്നും ബന്ധുക്കൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam