കൊച്ചി: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റതാണ് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്‍കുമാറിന്‍റെ മരണത്തിന് കാരണമെന്ന് ക്രൈംബ്രാഞ്ചിന്‍റെ റിമാൻഡ് റിപ്പോർട്ട്. രാജ്‍കുമാർ മരിച്ചത് കടുത്ത ന്യൂമോണിയ ബാധിച്ചാണ്. ഇതിന് വഴി വച്ചത് ക്രൂരമായ മർദ്ദന മുറകളാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. എസ്ഐ കെ എ സാബുവിന്‍റെയും സിവിൽ പൊലീസ് ഓഫീസറും ഡ്രൈവറുമായ സജീവ് ആന്‍റണിയുടെയും റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
മരണകാരണം ക്രൂരമർദ്ദനം
15-ാം തീയതി, കുറ്റസമ്മതത്തിനായി രാജ്‍കുമാറിനെ പ്രതികൾ വണ്ടിപ്പെരിയാർ അഞ്ചാം മൈലിൽ വച്ച്, പ്രതികൾ ക്രൂരമായി മർദ്ദിച്ചെന്നും ഇതിന് ദൃക്സാക്ഷികളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഒന്നാം പ്രതിയായ എസ്‍ഐ ഇത് കണ്ട് നിന്നു. കൂട്ടുപ്രതികളായ പൊലീസുദ്യോഗസ്ഥർ ഇത്തരമൊരു കൃത്യം നടത്തുന്നത് കണ്ടിട്ടും എസ്ഐ തടയാൻ ശ്രമിച്ചില്ലെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു.
തട്ടിപ്പ് നടത്തിയ തുക കണ്ടെത്താനാണ് രാജ്‍കുമാറിനെ പ്രതികളായ പൊലീസുകാർ മർദ്ദിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്. പ്രധാന കണ്ടെത്തലുകൾ ഇവയാണ്:
രാജ്‍കുമാറിന്‍റെ അറസ്റ്റ് നിയമപരമായിരുന്നില്ല. അറസ്റ്റ് രേഖപ്പെടുത്താതെ പ്രതിയെ പൊലീസുകാർ കസ്റ്റഡിയിൽ പാർപ്പിച്ചു. നടക്കാനോ എഴുന്നേറ്റ് നിൽക്കാനോ, ഇരിക്കാനോ, കാലുകൾ അനക്കാനോ പറ്റാത്ത വിധം അവശനായപ്പോഴാണ് പ്രതിയെ 15-ാം തീയതി രാത്രി ഒമ്പതരയ്ക്ക് തെറ്റായ നടപടികളിലൂടെ, അറസ്റ്റ് രേഖപ്പെടുത്തുന്നത്. അന്ന് തന്നെ രാത്രി 12 മണിയോടെ രാജ്‍കുമാറിനെ നെടുങ്കണ്ടം താലൂക്കാശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് രാജ്‍കുമാറിനെ 16-ാം തീയതി, രാത്രി 9.30-യോടെയാണ് ഡിസ്ചാർജ് ചെയ്യുന്നത്. നെടുങ്കണ്ടം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്‍റെ മുമ്പാകെ ഹാജരാക്കിയ രാജ്‍കുമാറിനെ പിന്നീട് റിമാൻഡ് ചെയ്യുകയും പീരുമേട് സബ്‍ജയിലിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
17-ാം തീയതി മുതൽ ജയിലിലായിരുന്ന രാജ്‍കുമാർ പരിക്കുകൾ മൂലം അവശനായി എന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. 17 മതുൽ എല്ലാ ദിവസവും രാജ്‍കുമാറിനെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. എന്നാൽ കഠിനമായ പരിക്കുകളേറ്റ രാജ്‍കുമാറിന്‍റെ നില വഷളാവുകയായിരുന്നു.
കാൽതുടയിലും, കാൽവെള്ളയിലും ആഴത്തിൽ ചതവുണ്ടായി. ശരീരത്തിനകത്ത് കടുത്ത പരിക്കുകളുണ്ടായ രാജ്‍കുമാറിന് ന്യൂമോണിയ ഉണ്ടായി. ഇതാണ് മരണത്തിനിടയാക്കിയതെന്നും, ഇതിന് കാരണം സ്റ്റേഷനിലെ ക്രൂരമർദ്ദനമാണെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
സ്റ്റേഷനിലെ ചട്ടലംഘനം
രാജ്‍കുമാറിനെ 15-ാം തീയതി തൂക്കുപാലത്ത് നിന്ന് അറസ്റ്റ് ചെയ്തെന്നും 16-ാം തീയതി കോടതിക്ക് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തെന്നുമാണ് സ്റ്റേഷൻ രേഖ. ഇത് തെറ്റാണ്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ജൂൺ 12 മുതൽ 16 വരെ അനധികൃതമായി കസ്റ്റഡിയിൽ വച്ചത്.
13-ന് രാജ്‍കുമാറിന് സ്റ്റേഷൻ ജാമ്യം നൽകിയെന്ന് പൊലീസുകാർ വ്യാജരേഖയുണ്ടാക്കി. ജനറൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരോ റൈറ്ററോ കസ്റ്റഡി വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചില്ല. തെളിവുകൾ കിട്ടാതിരിക്കാനായി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ മായ്‍ക്കുകയും രേഖകൾ തിരുത്തുകയും ചെയ്തുവെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam