
മലപ്പുറം: നിലമ്പൂരില്‍ ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി ചാലിയാർ പുഴയിൽ നാളെയും തെരച്ചിൽ തുടരും. നേവിയുടെ കൂടി സഹായത്തോടെയാകും പരിശോധന. ഷാബ ഷരീഫിനെ കൊലപ്പെടുത്തി കവറുകളിലാക്കി പുഴയിൽ തള്ളിയെന്നാണ് മുഖ്യപ്രതി ഷൈബിനും കൂട്ടാളികളും പൊലീസിനോട് വെളിപ്പെടുത്തിയത്.
വൈദ്യനെ കൊന്ന് വെട്ടിനുറുക്കി കവറുകളിലാക്കി എടവണ്ണ സീതി ഹാജി പാലത്തിൽ നിന്ന് പുഴയിലേക്ക് തള്ളിയെന്നാണ് പ്രതികളുടെ മൊഴി. ഇതിൻറെ അടിസ്ഥാനത്തിൽലാണ് സ്കൂബ സംഘത്തിന്‍റെ സഹായത്തോടെ പോലീസ് പരിശോധന തുടങ്ങിയത്. ആദ്യദിനം ഒന്നും കണ്ടെത്താനായില്ല. നാളെ നേവിയിലെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ തുടരും. കേസിൽ ഡിജിറ്റൽ തെളിവുകളുള്‍ പലതും കിട്ടിയെങ്കിലും മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടാത്തതാണ് വെല്ലുവിളി.
ഡിഎന്‍എ പരിശോധനയിലൂടെ മരിച്ചത് ഷാബ ഷരീഫ് എന്ന് തെളിയിക്കാൻ സഹായിക്കുന്ന എന്തെങ്കിലും തുമ്പ് കിട്ടുമോയെന്ന് തേടുകയാണ് പോലീസ്. കേസിലെ മുഖ്യപ്രതി ഷൈബിൻ അഷറഫ് , കൂട്ടുപ്രതികളായ ഷിഹാബുദീൻ, നിഷാദ് എന്നിവരെ കൊല നടന്ന നിലമ്പൂർ മുക്കട്ടയിലെ വീട്ടിലെത്തിച്ച് നാളെ തെളിവെടുക്കും. ഇനി പിടിയിലാകാനുള്ള അഞ്ച് പ്രതികൾക്കായി സംസ്ഥാനത്ത് പുറത്തും അന്വേഷണം നടക്കുന്നുണ്ട്.
'ചായ കുടിക്കാത്ത ഷഹാന രണ്ട് കപ്പ് ചായ ഉണ്ടാക്കി', ദുരൂഹത; മറ്റാരോ വന്നതായി സംശയമെന്ന് സഹോദരന്‍
കോഴിക്കോട്: മോഡല്‍ ഷഹാനയുടെ മരണം (Model Shahana Death) ആത്മഹത്യയല്ലെന്ന് (Suicide) സഹോദരൻ ബിലാൽ (Brother Bilal). ചായ കുടിക്കാത്ത ഷഹാന രണ്ട് കപ്പ് ചായ ഉണ്ടാക്കി വച്ചത് സംശയം ഉണ്ടാക്കുന്നുവെന്ന് ബിലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭർത്താവ് സജാദിനെ കൂടാതെ മറ്റാരോ പറമ്പിൽ ബസാറിലെ വീട്ടിൽ എത്തിയിരുന്നെന്ന് സംശയിക്കുന്നു. ഫോറൻസിക് ഫലം വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ബിലാൽ പറഞ്ഞു.
അതേസമയം, മോഡൽ ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി എടുത്തു. മോഡൽ ഷഹാനയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ടെങ്കിലും അന്വേഷണ സംഘം അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ല. ഫോറൻസിക് റിപ്പോർട്ടും വരാനുണ്ട്.
ഇനി സുഹൃത്തുകളുടേയും മൊഴി എടുക്കാനുണ്ടെന്നും എ സി പി കെ.സുദർശൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ഫോറൻസിക് ഫലം പ്രതീക്ഷിക്കുന്നുണ്ട്. ഷഹാനയുടെത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ഭർത്താവ് സജാദിനെതിരെ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്.
കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിൽ ഇന്ന് ഫോറൻസിക് വിദഗ്ധരെത്തി തെളിവെടുപ്പും പരിശോധനയും നടത്തി. കയറുപയോഗിച്ചുതന്നെയാണ് തൂങ്ങിമരിച്ചതെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിഗമനം. മരണം ആത്മഹത്യയാണോ എന്നത് അന്തിമമായി സ്ഥിരീകരിക്കാൻ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam