ബൈക്ക് മോഷ്ടിച്ച് കറങ്ങി രാത്രിയിൽ മോഷണം; കുപ്രസിദ്ധ മോഷ്ടാക്കള്‍ ജ്വല്ലറി കവര്‍ച്ചാ പദ്ധതിക്കിടെ പിടിയില്‍

By Web TeamFirst Published Sep 6, 2021, 12:01 AM IST
Highlights

ബൈക്ക് മോഷ്ടിച്ച് അതില്‍ കറങ്ങി രാത്രിയില്‍ മോഷണം നടത്തുന്ന രണ്ടംഗ സംഘം ഏറണാകുളം  കുന്നത്തുന്നാട്ടില്‍ പിടിയില്‍. കുന്നത്തുനാട്ടിലെ ജ്വല്ലറി കുത്തിതുറന്ന് സ്വര്‍ണ്ണം കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വലയിലായത്.

എറണാകുളം: ബൈക്ക് മോഷ്ടിച്ച് അതില്‍ കറങ്ങി രാത്രിയില്‍ മോഷണം നടത്തുന്ന രണ്ടംഗ സംഘം ഏറണാകുളം  കുന്നത്തുന്നാട്ടില്‍ പിടിയില്‍. കുന്നത്തുനാട്ടിലെ ജ്വല്ലറി കുത്തിതുറന്ന് സ്വര്‍ണ്ണം കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വലയിലായത്. റിമാന്റ് ചെയ്ത പ്രതികളെ വിശദമായി ചോദ്യം ചെയ്യാന്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. 

മൂവാറ്റുപുഴയില്‍ നിന്നും മോഷണം പോയ ബൈക്ക് എവിടെയെന്ന പൊലീസ് അന്വേഷണമാണ് പ്രതികളിലേക്കെത്തുന്നത്. മഴുവന്നൂർ സ്വദേശി ഷിജു, നെല്ലിക്കുഴി സ്വദേശി അൻസിൽ എന്നിവരാണ് കുന്നത്തുനാട് പൊലീസിന്‍റെ പിടിയിലായത്. പ്രതികൾ ജ്വല്ലറി കവർച്ചക്ക് പദ്ധതിയിടുമ്പോഴാണ് പള്ളിക്കരയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 

കവര്‍ച്ചക്കായി പ്രതികള്‍ സംഘടിപ്പിച്ച ആയുധങ്ങളും സംവിധാനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ എറണാകുളം ജില്ലയിലെ തെളിയാതിരുന്ന മുന്നു മോഷണ കേസുകൾകൂടി തുമ്പുണ്ടായി. ഹിൽപാലസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്ക് മോഷണം, കുറുപ്പംപടി കൂട്ടുമഠം ക്ഷേത്രത്തിൽ നടന്ന മോഷണം, പള്ളിക്കര ഷാപ്പ് കുത്തിതുറന്ന് നടത്തിയ മോഷണം എന്നിവ പ്രതികള്‍ സമ്മതിച്ചു. 

നേരത്തെ 20-തിലധികം മോഷണ കേസുകള്‍ പ്രതികളായ ഇവര്‍ കഴിഞ്ഞ ജൂലൈയിലാണ് ജയില്‍ മോചിതരായത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലിസിന്‍റെ സംശയം. പ്രതികളെ കോടതിയില്‍ ഹാജരാക്കി. വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറെടുക്കുന്നത്.

click me!