
കോഴിക്കോട്: നാദാപുരം തൂണേരിയില്‍ കഴിഞ്ഞ ശനിയാഴ്ച പ്രവാസി വ്യവസായി എംടികെ അഹമ്മദിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുടവന്തേരി സ്വദേശിയായ മുനീര്‍ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും കോഴിക്കോട് റൂറല്‍ എസ്പി എസ്. ശ്രീനിവാസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രവാസി വ്യവസായിയായ എംടികെ അഹമ്മദിനെ നാദാപുരം തൂണേരിയിലെ വീടിനടുത്തു വച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയത്. തിങ്കളാഴ്ച വ്യാപാരി വീട്ടില്‍ തിരിച്ചെത്തിയിരുന്നു. സംഭവത്തില്‍ മുടവന്തേരി സ്വദേശി വാരാക്കണ്ടി മുനീറിനെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ട് പോകാനെത്തിയ സംഘത്തിന് അഹമ്മദിനെ കാണിച്ച് കൊടുത്തത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.
പ്രതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും ഇപ്പോള്‍ അധികം വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നുമാണ് പൊലീസ് നിലപാട്. അഞ്ചുപേരടങ്ങിയ സംഘം തന്നെ മര്‍ദ്ദിച്ച ശേഷം കൈയും കാലും കെട്ടിയിട്ട് വായയും കണ്ണും മൂടിയാണ് കൊണ്ട് പോയതെന്ന് അഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ഖത്തറിലെ കെമിക്കല്‍സ് വ്യവസായയവുമായി ബന്ധമുള്ള നേരിട്ട് പരിചയമുള്ള മൂന്ന് പേരെയാണ് അഹമ്മദ് സംശയിക്കുന്നത്.
വ്യവസായിയെ തട്ടിക്കൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ചിരുന്നത് എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ചില സംഘങ്ങള്‍ ഈ തട്ടിക്കൊണ്ട് പോകലിന് പിന്നിലുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരികരിച്ചിട്ടുണ്ട്. ഗള്‍ഫില്‍ നിന്നാണ് തട്ടിക്കൊണ്ട് പോകലിന്‍റെ ആസൂത്രണവും നിയന്ത്രണവും നടന്നതെന്നും പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam