മുംബൈ: ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്ന് മുഖ്യപ്രതി മുഹമ്മദ് റോഷൻ. പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നും രണ്ട് വർഷമായി പ്രണയത്തിലാണെന്നും മുഹമ്മദ് റോഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുംബൈ പൻവേലിലെ പൊലീസ് സ്റ്റേഷനിൽ നിന്നാണ് റോഷൻ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്.
വീട്ടുകാർക്ക് പ്രണയം അറിയാമായിരുന്നു. എന്നാൽ വീട്ടിൽ സമ്മതിച്ചില്ല. അതുകൊണ്ടാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് വന്നത്. പെൺകുട്ടിയെ നിർബന്ധിച്ച് വിളിച്ചിറക്കിയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും റോഷൻ വ്യക്തമാക്കി.
ആദ്യം പോയത് മംഗലാപുരത്തേക്കാണ്. അവിടെ നിന്ന് ഒരു സുഹൃത്ത് മുംബൈയിലുള്ളതിനാൽ ഇവിടേക്ക് വന്നു. തട്ടിക്കൊണ്ടുപോയതാണെന്നാണല്ലോ നാട്ടുകാർ പറയുന്നതെന്ന് ചോദിച്ചപ്പോൾ 'നാട്ടുകാർക്ക് എന്തും പറയാമല്ലോ' എന്നാണ് റോഷൻ പ്രതികരിച്ചത്.
നാട്ടിലെ ബന്ധുവിന് വന്ന ഫോൺകോൾ പിന്തുടർന്നാണ് റോഷനെ കേരളാ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. മുംബൈയിലെ പൻവേലിലായിരുന്നു പെൺകുട്ടിയും റോഷനും. ഏറെ വിവാദമായ കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് പെൺകുട്ടിയേയും തട്ടിക്കൊണ്ടുപോയ റോഷനെയും മുംബൈയിൽ നിന്ന് കണ്ടെത്തിയതെന്നാണ് വിവരം.രണ്ട് ദിവസം മുൻപാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തുന്നത്. മംഗലാപുരത്ത് രണ്ട് ദിവസം താമസിച്ച ശേഷം രാജസ്ഥാനിലേക്ക് പോയി. പിന്നീടാണ് മഹാരാഷ്ട്രയിലെത്തുന്നത്.
നിരന്തരം യാത്രചെയ്യുകയായിരുന്നതിനാൽ ഇവരെ പിന്തുടരുക എളുപ്പമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് വിറ്റ് എൺപതിനായിരം രൂപ മുഹമ്മദ് റോഷന്‍റെ കയ്യിൽ രൂപയുണ്ടായിരുന്നു. രണ്ടു പേരും ഫോൺ ഉപയോഗിക്കാതിരുന്നതും പൊലീസിനെ കുഴക്കി. പലപ്പോഴും യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരിൽ നിന്ന് ഫോൺ വാങ്ങിയാണ് നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നത്.
സിപിഐ മേമന തെക്ക് ബ്രാഞ്ച് സെക്രട്ടറി നവാസിന്‍റെ മകൻ കൂടിയാണ് റോഷൻ. നാടോടി സംഘത്തിൽപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്ത വൻ കോളിളക്കമാണ് ഉണ്ടാക്കിയത്. വലിയ രാഷ്ട്രീയ വിവാദമായി പോലും വളര്‍ന്ന കേസിൽ പെൺകുട്ടിയെ കണ്ടെത്തുകയെന്നതും അന്വേഷണ സംഘത്തിന് വലിയ സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നു.
തട്ടിക്കൊണ്ടുപോയതല്ല; ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്ന് ഓച്ചിറയിലെ നാടോടി പെണ്‍കുട്ടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam