
കാസര്‍കോട്: പരപ്പയില്‍ വ്യാപാരികളുടെ ഉറക്കം കെടുത്തിയ കള്ളന്‍ ഒടുവില്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ നടുവില്‍ സ്വദേശി സന്തോഷാണ് വെള്ളരിക്കുണ്ട് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നൂറോളം കേസുകളുണ്ട്.
പരപ്പയിലെ ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ്, അഞ്ചരക്കണ്ടി സൂപ്പര്‍ മാര്‍ക്കറ്റ്, സപ്ലൈകോ എന്നിവിടങ്ങളിലും ബിരിക്കുളത്തെ കൂള്‍ബാറിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കവര്‍ച്ച നടന്നത്. ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് മാത്രം അര ലക്ഷം രൂപയാണ് കവര്‍ന്നത്. കള്ളന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ നടുവില്‍ ബേക്കുന്ന് കവല സ്വദേശി തൊരപ്പന്‍ സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ് പിടിയിലായത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി നൂറോളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയാല്‍ തുടര്‍ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഇങ്ങനെ കിട്ടുന്ന പണം കൊണ്ട് ആഡംബരമായി ജീവിക്കും. ഒടുവില്‍ പൊലീസിന് പിടികൊടുത്ത് വീണ്ടും ജയിലില്‍ പോകും. മലയോര മേഖലകളിലെ കടകളിലാണ് പ്രധാനമായും മോഷണം നടത്താറ്. പണം മാത്രമല്ല കിട്ടുന്ന മലഞ്ചരക്കുകളും മോഷ്ടിക്കുമെന്ന് പൊലീസ് പറഞ്ഞു. പരപ്പ, ബളാല്‍ മേഖലയില്‍ ഒരാഴ്ചക്കിടെ ആറ് സ്ഥാപനങ്ങളിലാണ് ഇയാള്‍ മോഷ്ടിച്ചത്. പ്രതിയെ പരപ്പയില്‍ എത്തിച്ച് വെള്ളരിക്കുണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ സന്തോഷിനെ റിമാന്റ് ചെയ്തു.
അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍
മലപ്പുറം: നിലമ്പൂരില്‍ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. പാലക്കാട് പറളി എടത്തറ സ്വദേശി രമേശാണ് പിടിയിലായത്. നിലമ്പൂര്‍ കളക്കണ്ടത്ത് ക്ഷീരോത്പാദക സംഘത്തിന്റെ പ്രസിഡന്റായ സൂസമ്മ മത്തായിയുടെ വീട്ടിലായിരുന്നു മോഷണം. വീടിന്റെ വാതില്‍ വെട്ടിപ്പൊളിച്ച് നാല് സ്വര്‍ണ വളകളും 70,000 രൂപയുമാണ് രമേശ് മോഷ്ടിച്ചത്.
മോഷണക്കേസില്‍ അഞ്ചു വര്‍ഷത്തെ ജയില്‍വാസം അനുഭവിച്ച രമേശ് കഴിഞ്ഞ മാസം 28നാണ് ജയില്‍ മോചിതനായത്. പകല്‍ സമയങ്ങളില്‍ പരിസരം നിരീക്ഷിച്ച് ആളില്ലാത്ത വീട്ടില്‍ കയറി മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. കേരളം കര്‍ണാടക സംസ്ഥാനങ്ങളിലായി ഇരുപതിലധികം കേസുകളില്‍ പ്രതിയാണ് പിടിയിലായ രമേശെന്നും പൊലീസ് അറിയിച്ചു.
എട്ടേകാലോടെ പുതുപ്പള്ളിയിൽ ആദ്യ ഫലസൂചന, 2 മണിക്കൂറിൽ സമ്പൂർണ ഫലം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam