
കൽപ്പറ്റ: ഓൺലൈൻ ഡാറ്റാ എൻട്രി (Online data entry) ജോലി വാഗ്ദാനം ചെയ്ത് പത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത (Fraud) പ്രതികളെ മുംബൈയിൽ നിന്നും വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് ബത്തേരി സ്വദേശിയിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത അസം സ്വദേശികളായ ഹബീബുൽ ഇസ്ലാം, ബഷ്റുൽ അസ്ലം എന്നിവരെയാണ് പിടികൂടിയത്.
2021 ഡിസംബറിലാണ് പണം തട്ടിയെടുത്തത്. മാസം 35,000 രൂപ ശമ്പളം നൽകാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഘത്തിലെ മറ്റുള്ളവരെയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ പ്രതികളുടെ പക്കൽ നിന്നും തട്ടിപ്പിലൂടെ സമ്പാദിച്ച അഞ്ച് ലക്ഷം രൂപയും 13 മൊബൈൽ ഫോൺ, വ്യാജ സിം കാർഡുകൾ, 3 ലാപ്ടോപ്പ് എന്നിവയും പിടിച്ചെടുത്തു.
കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ പൊലീസ് പിടിയിൽ
കോഴിക്കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ പൊലീസ് പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുളളക്കുട്ടിയെയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം വയനാട്ടിൽ വച്ച് പിടികൂടിയത്. കോഴിക്കോട് മാത്രം ഇയാൾക്കെതിരെ 100 കേസുകളുണ്ട്.
കേന്ദ്ര സർക്കാരിന്‍റെ അംഗീകാരമുളള കൊഡിഷ് നിധി ലിമിറ്റഡ് എന്ന പേരിൽ പണമിടപാട് സ്ഥാപനം തുടങ്ങിയായിരുന്നു തട്ടിപ്പ്. സ്ഥിര നിക്ഷേപങ്ങൾക്ക് 10 മുതൽ 12 ശതമാനം പലിശ വാഗ്ദാനം ചെയ്തായിരുന്നു ധനസമാഹരണം. കോഴിക്കോട് ജില്ലയിലെ ശാഖകളിൽ നിന്ന് ഇത്തരത്തിൽ അബ്ദുളളക്കുട്ടി 4 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. മാസങ്ങളായി ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് ലുക് ഔട്ട് നോട്ടീസും ഇറക്കിയിരുന്നു. വയനാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അബ്ദുളളക്കുട്ടിയെ രഹസ്യവിവരത്തെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. അബ്ദുളളക്കുട്ടിയെ അറസ്റ്റ് ചെയ്ചതറിഞ്ഞ് തട്ടിപ്പിനരയായവർ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. നിക്ഷേപിച്ച പണം തിരികെ കിട്ടാനുളള നടപടികൾ പൊലീസ് വേഗത്തിലാക്കണമെന്നാണ് ഇവരുടെ ആവശ്യം
ഇതുവരെ കിട്ടിയ പരാതിപ്രകാരം നൂറുകേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. ഹെഡ് ഓഫീസ് പ്രവർത്തിക്കുന്ന ചെറുവണ്ണൂർ ശാഖയിൽ മാത്രം 1.5കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് നിക്ഷേപകരുടെ പരാതി. സമാന രീതിയിൽ ഈസ്റ്റ് ഹിൽ, വടകര, എന്നീ ശാഖകളിലും കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താലേ, തട്ടിപ്പിന്‍റെ മറ്റുവശങ്ങളെക്കുറിച്ച് വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ സ്വത്ത് കണ്ടുകെട്ടാനുളള നടപടിക്കും നീക്കം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam